26 December Thursday

കരയാക്രമണം ആസന്നം ; ലബനൻ അതിർത്തിയിൽ ടാങ്കുകൾ വിന്യസിച്ച്‌ ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

ബെയ്‌റൂട്ട്‌
ലബനനില്‍ കരയാക്രമണം നടത്താനായി അതിർത്തിയിലേക്ക്‌ നൂറുകണക്കിന്‌ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച്‌ ഇസ്രയേൽ. ഹിസ്‌ബുള്ളയെ ആകാശത്തുനിന്നും കടലിൽനിന്നും ആക്രമിക്കുകയാണെന്നും കരയിൽക്കൂടിയുള്ള ആക്രമണത്തിനും ഉടൻ തയ്യാറാകണമെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ്‌ ഗാലന്റ്‌ സൈനികർക്ക്‌ നിർദേശം നൽകി. റിസർവ്‌ പട്ടാളക്കാർ ഉടൻ അതിർത്തിയിൽ റിപ്പോർട്ട്‌ ചെയ്യണമെന്നും ഇസ്രയേൽ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു. ലബനന്‌ ഗാസയുടെ അവസ്ഥയുണ്ടാകുമെന്ന്‌ ഉറപ്പാക്കുമെന്ന്‌ ഇസ്രയേലിന്റെ മുതിർന്ന ഉദ്യോഗസ്ഥർ ഭീഷണി മുഴക്കി.

വെള്ളി വൈകിട്ട്‌ ബെയ്‌റൂട്ടിൽ വീണ്ടും വ്യോമാക്രമണമുണ്ടായി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യു എൻ പാതുസഭാ സമ്മേളനത്തിൽ സംസാരിച്ചതിന്‌ തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ദഹിയേയിലെ ഹിസ്‌ബുള്ള ആസ്ഥാനമാണ്‌ ആക്രമിച്ചതെന്ന്‌ ഇസ്രയേൽ പറഞ്ഞു. തെക്കൻ മേഖലയിലും വിവിധയിടങ്ങളിൽ സ്‌ഫോടനമുണ്ടായി. ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ ലബനനിലേക്ക്‌ നടത്തിയ വ്യാപക ആക്രമണങ്ങളിൽ എഴുന്നൂറിലധികം പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച മാത്രം ഇസ്രയേൽ ആക്രമണങ്ങൾ 25 പേരുടെ ജീവനെടുത്തു. പതിനായിരക്കണക്കിന്‌ ആളുകൾ സിറിയയിലേക്ക്‌ പലായനം ചെയ്യുകയാണ്‌.

അതേസമയം, ഇസ്രയേലിലെ തിബെരിയാസ്‌ നഗരത്തിലേക്ക്‌ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്‌ബുള്ള അവകാശപ്പെട്ടു. യെമനിലെ ഹൂതികൾ ഇസ്രയേലിലെ ടെൽ അവീവിലേക്കും അഷ്‌കെലോണിലേക്കും ബാലിസ്‌റ്റിക്‌ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. അതിനിടെ, സിറിയയിലേക്കും ഇസ്രയേൽ ആക്രമണമുണ്ടായി. അഞ്ച്‌ പട്ടാളക്കാർ കൊല്ലപ്പെട്ടു. ഗാസയിലും രൂക്ഷ ആക്രമണം തുടരുന്നു. വടക്കൻ ഗാസയിൽ അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിലേക്കുള്ള ആക്രമണത്തിൽ വ്യാഴാഴ്ച 11 പേർ കൊല്ലപ്പെട്ടു.

യുദ്ധം തുടരുമെന്ന്‌ നെതന്യാഹു
യുദ്ധലക്ഷ്യങ്ങൾ പൂർത്തീകരിക്കും വരെ ഹിസ്ബുള്ളക്കെതിരെ ആക്രമണം തുടരുമെന്ന്‌ ഐക്യരാഷ്ട്രകേന്ദ്രത്തിൽ ലോകനേതാക്കൾക്കുമുന്നിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിന്‌ തിരിച്ചടിക്കുവാനുള്ള എല്ലാ അവകാശവുമുണ്ട്‌. ഇറാന്റെ ആണവോർജ പര്യവേഷണത്തിനുമേൽ യുഎൻ ഉപരോധം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

മിഷിഗനിൽ പ്രതിഷേധ റാലി
ലബനനിലേക്ക്‌ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ അമേരിക്കയിലെ മിഷിഗനിൽ വൻ പ്രതിഷേധ റാലി.പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ ഒരു മാസം മാത്രം ശേഷിക്കെയാണ്‌ അറബ്‌ വംശജരുടെ വൻ സാന്നിധ്യമുള്ള സംസ്ഥാനത്ത്‌ ആയിരത്തിലധികംപേർ പ്രതിഷേധിച്ച്‌ നിരത്തിലിറങ്ങിയത്‌.
ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയും വൈസ്‌ പ്രസിഡന്റുമായ കമല ഹാരിസ്‌ മുൻതൂക്കം പ്രതീക്ഷിക്കുന്ന സംസ്ഥാനംകൂടിയാണ്‌ മിഷിഗൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top