റാമള്ള > ഗാസ മുനമ്പിൽനിന്ന് ബന്ദികളാക്കിയവരെ ലൈംഗികമായി പീഡിപ്പിച്ച സൈനികരെ കസ്‌റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് സൈനിക കേന്ദ്രത്തിൽ കടന്നുകയറി തീവ്രവലതുപക്ഷക്കാരായ ഇസ്രയേലുകാർ. തെക്കൻ ഇസ്രയേലിലെ സ്‌ദെ തെയ്‌മൻ സൈനിക കേന്ദ്രത്തിലായിരുന്നു പ്രതിഷേധം. ഇവിടെവച്ച് ബന്ദികൾ ക്രൂര ലൈംഗികപീഡനത്തിന് ഇരയായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അന്താരാഷ്ട്ര സമ്മർദം ശക്തമായതിനെ തുടർന്ന് ഇസ്രയേലിന് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു.
കുറ്റാരോപിതരായ റിസർവ് പട്ടാളക്കാരെ ചോദ്യം ചെയ്യാൻ എത്തിച്ച കേന്ദ്രത്തിലും ജനങ്ങൾ ഇരച്ചുകയറി. സൈനികരെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർത്തി. തീവ്രവലതുപക്ഷക്കാരനായ ദേശസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വീറും സൈനികർക്കെതിരായ നടപടികളെ അപലപിച്ചു. കസ്‌റ്റഡിയിൽ എടുക്കാനെത്തിയ പൊലീസുകാർക്കുനേരെ സൈനികർ കുരുമുളക് സ്‌പ്രേ അടിച്ചതായും റിപ്പോർട്ട്.
ഖാൻ യൂനിസിൽ കൊല്ലപ്പെട്ടത് 300 പേർ
ഒമ്പത് ദിവസം നീണ്ട ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ ഖാൻ യൂനിസിൽ മുന്നൂറിൽപ്പരം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. 39,400 പേരാണ് ഒക്ടോബർ ഏഴുമുതൽ ഇസ്രയേൽ കടന്നാക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത്.
അതിനിടെ, വടക്കൻ ഇസ്രയേലിലെ ഗോഷറിലേക്ക് ഹിസ്‌ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇസ്രയേൽ–- ഹിസ്‌ബുള്ള സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ലബനനിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..