25 November Monday
മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ പതിന്മടങ്ങായി തിരിച്ചടിച്ച്‌ ഹിസ്‌ബുള്ള

ഇസ്രയേൽ ഹിസ്‌ബുള്ള സംഘർഷം രൂക്ഷമാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

 

ടെൽ അവീവ്‌
ലബനനിലേക്ക്‌ ഞായറാഴ്ച പുലർച്ചെ 40 തവണ മിസൈൽ ആക്രമണം നടത്തി വീണ്ടും പ്രകോപനം സൃഷ്ടിച്ച്‌ ഇസ്രയേൽ. 100 സെനിക വിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 320 കത്യുഷ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച്‌ ലബനനിലെ സായുധസംഘടനയായ ഹിസ്‌ബുള്ള തിരിച്ചടിച്ചു. കഴിഞ്ഞ മാസം ബെയ്‌റൂട്ടിൽവച്ച്‌ തങ്ങളുടെ സൈനിക കമാൻഡർ ഫുവദ്‌ ഷുക്കൂറിനെ വധിച്ചതിന്‌ തിരിച്ചടി നൽകുമെന്ന്‌ ഹിസ്‌ബുള്ള പ്രഖ്യാപിച്ചിരിക്കവെയാണ്‌ മധ്യപൗരസ്ത്യദേശത്തെയാകെ അപകടത്തിലാക്കുംവിധം ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്‌. ഹിസ്‌ബുള്ളയുടെ കൂടുതൽ ആക്രമണം ഉണ്ടാകുമെന്ന ഭയത്തിൽ, ഇസ്രയേലിൽ പ്രതിരോധ മന്ത്രി യോവ്‌ ഗാലന്റ്‌ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇസ്രയേലിലേക്കുള്ള ആദ്യഘട്ട തിരിച്ചടി അവസാനിച്ചതായി ഹസ്‌ബുള്ള അറിയിച്ചു. സംഘർഷം വ്യാപിക്കാതിരിക്കാൻ സഖ്യരാജ്യങ്ങളുമായി അടിയന്തര ചർച്ച നടത്തിയെന്ന്‌ ലബനൻ പ്രധാനമന്ത്രി നജീബ്‌ മികാതി പറഞ്ഞു. എന്നാൽ, ആക്രമണം അവസാനിച്ചെന്ന്‌ കരുതേണ്ടതില്ലെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.

ഹിസ്‌ബുള്ള ആക്രമണം മുൻകൂട്ടി കണ്ടാണ്‌ തങ്ങൾ ആക്രമിച്ചതെന്നാണ്‌ ഇസ്രയേലിന്റെ വാദം. ഇസ്രയേലിലേക്ക്‌ വന്ന ആയിരക്കണക്കിന്‌ റോക്കറ്റുകൾ സൈന്യം പ്രതിരോധിച്ചതായി നെതന്യാഹു അടിയന്തര മന്ത്രിസഭായോഗത്തെ അറിയിച്ചു. ഇസ്രയേലിന്റെ 11 സൈനികത്താവളങ്ങളും ബാരക്കുകളും ഗോലാൻ കുന്നുകളും ആക്രമിച്ചതായി ഹിസ്‌ബുള്ള പറഞ്ഞു. ഇസ്രയേലിന്റെ വടക്കേ അറ്റത്തെ തീരമേഖലയായ നഹാരിയയിൽ ഇസ്രയേൽ സൈനിക ബോട്ട്‌ ഹിസ്‌ബുള്ള ആക്രമണത്തിൽ തകരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ലബനനിൽ മൂന്നുപേർ കൊല്ലപ്പെട്ടതായാണ്‌ വിവരം. ഇസ്രയേലിൽ ആളപായം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. വടക്കൻ ഇസ്രയേലിലാകെ ഞായർ ഉച്ചവരെ തുടർച്ചയായി വ്യോമാക്രമണ മുന്നറിയിപ്പ്‌ സൈ റണുകൾ മുഴങ്ങിക്കൊണ്ടിരുന്നു. ബെൺ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.

സ്ഥിതിഗതികൾ സൂക്ഷ്‌മമായി വിലയിരുത്തുകയാണെന്ന്‌ അമേരിക്ക പറഞ്ഞു. പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിൻ, യോവ്‌ ഗാലന്റുമായി സംസാരിച്ചു. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനായി അമേരിക്ക യുദ്ധക്കപ്പലും അന്തർവാഹിനിയുമടക്കം മേഖലയിൽ വിന്യസിച്ചിട്ടുണ്ട്‌. ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ചർച്ചകൾ ഈജിപ്തിന്റെ നേതൃത്വത്തിൽ കെയ്‌റോയിൽ നടക്കാനിരിക്കെയാണ്‌ ആക്രമണം. ഗാസയിൽ വെടിനിർത്തലുണ്ടായാൽ ആക്രമണം അവസാനിപ്പിക്കുമെന്ന്‌ ഹിസ്‌ബുള്ള വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ, ചർച്ചകൾ നയിക്കുന്ന ഈജിപ്തിനെയടക്കം പ്രകോപിപ്പിക്കുന്ന നിലപാടുകളാണ്‌ ഇസ്രയേൽ തുടരുന്നത്‌. ഗാസ–- ഈജിപ്ത്‌ അതിർത്തിയിലെ സൈനികമുക്ത മേഖലയായ ഫിലാഡൽഫി ഇടനാഴിയിൽനിന്ന്‌ സൈന്യത്തെ പിൻവലിക്കില്ലെന്നും വ്യക്തമാക്കി.

അതേസമയം, ഇസ്രയേലിന്‌ ശക്തമായ തിരിച്ചടി നൽകിയ ഹിസ്‌ബുള്ള നടപടിയെ ഹമാസും പലസ്തീൻ ഇസ്ലാമിക്‌ ജിഹാദും ഹൂതികളും അഭിനന്ദിച്ചു.
ഇസ്രയേൽ–- ഹിസ്‌ബുള്ള സംഘർഷം മേഖലയെയാകെ ബാധിക്കുന്ന യുദ്ധമായി മാറാൻ സാധ്യതയുണ്ടെന്ന്‌ ജോർദാനും ഈജിപ്തും മുന്നറിയിപ്പ്‌ നൽകി.
അതിനിടെ, ശനിയാഴ്ച ഇസ്രയേൽ സൈന്യം 71 ഗാസ നിവാസികളെക്കൂടി കൊന്നൊടുക്കി. മധ്യനഗരമായ ദെയ്‌ർ അൽ ബലായിലേക്ക്‌ കൂടുതൽ ടാങ്കുകൾ എത്തുന്നതായും റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top