05 November Tuesday
വിമാനവാഹിനിക്കപ്പലിന് പിന്നാലെ അന്തർവാഹിനിയും
 മധ്യപൗരസ്ത്യ ദേശത്തേക്ക്‌ അയച്ച് അമേരിക്ക

ഇറാൻ ആക്രമണം ആസന്നമെന്ന് ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


റാമള്ള
ഇറാൻ ദിവസങ്ങൾക്കുള്ളിൽ ഇസ്രയേലിലേക്ക്‌ വലിയതോതിലുള്ള ആക്രമണം നടത്തുമെന്ന്‌ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്‌. ഇതോടെ ഇസ്രയേലിന് രക്ഷയൊരുക്കാന്‍ അമേരിക്കൻ അന്തർവാഹിനി മേഖലയിലേക്ക്‌ നീങ്ങി. മിസൈൽ വിക്ഷേപണ സൗകര്യമുള്ള യുഎസ്‌എസ്‌ ജോർജിയ എന്ന അന്തർവാഹിനിയാണ്‌ മധ്യപൗരസ്ത്യ ദേശത്തേക്ക്‌ എത്തുന്നത്‌.  മേഖലയിലേക്ക്‌ നീങ്ങാന്‍ നേരത്തെ  ഉത്തരവിട്ടിരുന്ന വിമാനവാഹിനിക്കപ്പൽ യുഎസ്‌എസ്‌ എബ്രഹാം ലിങ്കണോട്‌ പ്രയാണം വേഗത്തിലാക്കാന്‍ നിർദേശിച്ചു. കൂടുതൽ യുദ്ധവിമാനങ്ങളും പടക്കോപ്പുകളും അയക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

ഇറാൻ വ്യാപക ആക്രമണം നടത്തുമെന്ന വിലയിരുത്തലിലാണ്‌ ഇസ്രയേൽ  സർക്കാരും. ജൂലൈ 31ന്‌  തെഹ്‌റാനിൽവച്ച്‌ ഹമാസ്‌ രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയയെ കൊന്നതിന്‌ കനത്ത തിരിച്ചടി നൽകാൻ ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനേയി ഉത്തരവിട്ടിരുന്നു. ഇസ്രയേലിലേക്ക്‌ ആക്രമണം നടത്താൻ സജ്ജമാണെന്ന്‌ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

മധ്യപൗരസ്ത്യദേശത്തെ പ്രശ്‌നങ്ങൾ വഷളാക്കരുതെന്നും ചർച്ചയ്ക്ക്‌ തയ്യാറാകണമെന്നും വത്തിക്കാൻ ഇറാനോട്‌ ആവശ്യപ്പെട്ടു. സ്വിസ്‌, ഓസ്‌ട്രേലിയൻ എയർലൈൻസുകൾ ഉൾക്കൊള്ളുന്ന ലുഫ്‌ത്താൻസ ഗ്രൂപ്പ്‌ ടെൽ അവീവ്‌, തെഹ്‌റാൻ, ബെയ്‌റൂട്ട്‌, അമ്മൻ, ഇർബിൽ എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ 21 വരെ നിർത്തലാക്കി. ഇക്കാലയളവിൽ ഇറാൻ, ഇറാഖ്‌ വ്യോമമേഖലകളും ഉപയോഗിക്കില്ല. ലബനനിലേക്കുള്ള സർവീസകൾ നിർത്തുന്നതായി എയർ ഫ്രാൻസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top