26 December Thursday

ഇസ്രയേലിലേക്ക്‌ റോക്കറ്റ്‌വർഷം ; 170 മിസൈല്‍ തൊടുത്ത് ഹിസ്ബുള്ള

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024


ബെയ്റൂട്ട്‌
വടക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക്‌ 170 മിസൈല്‍ തൊടുത്ത് ഹിസ്ബുള്ള. ഹൈഫയിലേക്ക്‌ ഹിസ്ബുള്ള നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്‌. റോക്കറ്റുകളിൽ ചിലത് ഇസ്രയേല്‍ തടുത്തെങ്കിലും ആക്രമണത്തിൽ പ്രദേശത്തെ ജനവാസമേഖലയിൽ നാശനഷ്ടങ്ങളുണ്ടായതായും ഒരാൾക്ക്‌ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്‌. ശക്തമായ തിരിച്ചടി നേരിട്ടശേഷവും തങ്ങളുടെ സൈനികശേഷിക്ക്‌ കോട്ടംതട്ടിയിട്ടില്ലെന്ന്‌ ഹിസ്ബുള്ളയുടെ നേതൃചുമതലയുള്ള ഷെയ്‌ഖ്‌ നയിം കാസെം അവകാശപ്പെട്ടു. ഇസ്രയേൽ കൊന്നൊടുക്കിയ സംഘടനയുടെ കമാൻഡർമാർക്ക്‌ പകരം പുതിയ നേതാക്കൾ അധികാരമേറ്റിട്ടുണ്ട്‌. ഇസ്രയേൽ ഒരാഴ്‌ചയായി നടത്തുന്ന കരയാക്രമണത്തിന്‌ ലബനനിലേക്ക്‌ മുന്നേറാനായിട്ടില്ലെന്നും കാസെം അറിയിച്ചു.

എന്നാല്‍, അതിർത്തി പ്രദേശത്തെ ഹിസ്ബുള്ളയുടെ സൈനിക സംവിധാനങ്ങൾ നശിപ്പിച്ചതായും നൂറുകണക്കിന്‌ സൈനികരെ വധിച്ചതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ബൈയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിലൂടെ സുഹൈൽ ഹുസൈനി എന്ന ഹിസ്ബുള്ളയുടെ നേതാവിനെ വധിച്ചതായും സൈന്യം അവകാശപ്പെട്ടു. ഗാസയിൽ വെടിനിർത്തലുണ്ടായാൽ ആക്രമണം അവസാനിപ്പിക്കുമെന്ന്‌ ഹിസ്ബുള്ള നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ആക്രമണം വ്യാപിപ്പിക്കുന്നതിനായി പുതിയ സൈനികവിഭാഗത്തെ ഇസ്രയേൽ വിന്യസിച്ചു. യുഎൻ സമാധാനസേനയുടെ കേന്ദ്രം പ്രവർത്തിക്കുന്ന തെക്കുപടിഞ്ഞാറൻ ലബനനിൽനിന്ന്‌ ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന്‌ സൈന്യം മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. ആക്രമണം കടുക്കുന്ന ലബനനിൽനിന്നും തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി തുർക്കിയ രണ്ട്‌ നാവികസേന  കപ്പലുകൾ അയച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top