ബെയ്റൂട്ട് > ലെബനനിൽ ഇസ്രയേൽ ആക്രമണം വ്യാപിക്കുകയാണെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മികാതി. വെടിനിർത്തൽ കരാറിന് അവർക്ക് താൽപര്യമില്ലെന്നും സന്ധി ചർച്ചകൾക്കായി വിസമ്മതിക്കുകയാണെന്നും നജീബ് മികാതി എഎഫ്‍പിയോട് പറഞ്ഞു.
ഇസ്രയേൽ ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. മുഴുവൻ പ്രദേശങ്ങളിലേയും ജനങ്ങളോട് ഒഴിഞ്ഞ് പോകാനാണ് ആവശ്യപ്പെടുന്നത്. മിക്കയിടത്തും ഇസ്രയേൽ സൈന്യം വിനാശകരമായ റെയ്ഡുകൾ തുടരുന്നു. ബെയ്റൂട്ട് നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിലാണ് ഇപ്പോൾ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത്. ഈ നടപടികളെല്ലാം വെടിനിർത്തലിന് ഒരുക്കമല്ലെന്നതിന്റെ സൂചനകളാണെന്നും അദ്ദേഹം വിമർശിച്ചു.
ലബനൻ ഏകപക്ഷീയമായ വെടിനിർത്തലിന് സമ്മതിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടുവെന്നുള്ള റോയിട്ടേഴ്സ് റിപ്പോർട്ട് ലബനൻ പ്രധാനമന്ത്രി തള്ളി. വെടിനിർത്തൽ ഉണ്ടാവുകയാണെങ്കിൽ അത് ഇരു പക്ഷത്തിനും ഒരുപോലെ ബാധകമാകും. നവംബർ അഞ്ചിന് നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്ന് യുഎസ് പ്രതിനിധി ആമോസ് ഹോഷ്‌സ്റ്റൈൻ ഫോൺ കോളിൽ സൂചിപ്പിച്ചതായി മികാതി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..