22 November Friday

ഗാസയിലെ സ്കൂൾ ആക്രമിച്ച് ഇസ്രയേൽ സൈന്യം; നൂറിലധികം പേർ കൊല്ലപ്പെട്ടു​

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ഗാസ > ​ഗാസയിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ന്യൂസ് ഏജൻസി അറിയിച്ചു. ​ഗാസ സിറ്റിയിലെ അൽ-സഹാബ ഏരിയയിലെ അൽ-തബയിൻ സ്കൂളിലാണ് ഇസ്രയേൽ സേന ആക്രമണം നടത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു.

ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ ഭാ​ഗമായി കുടിയൊഴിപ്പിക്കപ്പെട്ട അഭയാർഥികൾ താമസിച്ചിരുന്ന സ്കൂളാണിത്. എന്നാൽ ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സേനയുടെ വിശദീകരണം. ആളുകൾ പ്രഭാത പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെ മൂന്ന് റോക്കറ്റുകൾ സ്കൂളിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ​ഗാസ സിറ്റിയിലെ രണ്ട് സ്കൂളുകളിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ 18 ലധികം പേർ കൊല്ലപ്പെട്ടിരുന്നു.

ഒക്ടോബറിൽ യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേലിന്റെ സൈനിക ആക്രമണത്തിൽ ​ഗാസയിൽ ഇതുവരെ 39,699 പേർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.  91,722 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്‌ടോബർ ഏഴിന് ഹമാസിൻ്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ഇസ്രയേലിൽ 1,139 പേർ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top