ബെയ്റൂട്ട് > ലബനനിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. തെക്കൻ ലബനനിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനു മുൻപായിരുന്നു ആക്രമണം. ഇന്ന് വൈകിട്ടാണ് സംഭവം. ലബനനിൽ കഴിഞ്ഞ ദിവസങ്ങളിൽ പേജറുകളും വാക്കിടോക്കിയും പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
ലബനനിലെ സായുധ വിഭാഗമായ ഹിസ്‌ബുള്ളയുടെ വിവിധ യൂണിറ്റുകളിലെ ജീവനക്കാർ ഉപയോഗിച്ചിരുന്ന ആശയവിനിമയ ഉപകരണമായ പേജറുകളാണ് പൊട്ടിത്തെറിച്ചത്. എട്ട് പേർ കൊല്ലപ്പെട്ടു. 2750 പേർക്ക് പരിക്കേറ്റു. പേജർ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെയാണ് വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് 20 പേർ കൊല്ലപ്പെട്ടത്. 450 പേർക്ക് പരിക്കുണ്ട്. കഴിഞ്ഞ ദിവസം പേജർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട, ഹിസ്‌ബുള്ള എംപിയുടെ മകന്റെ സംസ്‌കാര ചടങ്ങിനിടെയാണ് വാക്കിടോക്കികൾ പൊട്ടിത്തെറിച്ചത്. തലസ്ഥാനമായ ബെയ്‌റൂട്ടിന് സമീപത്തെ ഹിസ്‌ബുള്ള ശക്തികേന്ദ്രമായ ദഹിയയിലാണ് സ്‌ഫോടനം നടന്നത്.
സ്‌ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർ സംസ്‌കാരത്തിനെത്തിയിരുന്നു. ലബനനിലെ സായുധസംഘമായ ഹിസ്‌ബുള്ള അഞ്ച് മാസം മുമ്പ് വാങ്ങിയ വാക്കിടോക്കിയാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്. ദഹിയയ്‌ക്ക് പുറമേ മറ്റ് സ്ഥലങ്ങളിലും സമാന സ്‌ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..