26 December Thursday

കരയുദ്ധത്തിലേക്ക്‌; പലസ്തീനുകാരോട് വടക്കന്‍ ഗാസ ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

ഗാസ/ടെൽ അവീവ്‌> പലസ്‌തീനുകാരോട്‌ വടക്കൻ ഗാസയിൽനിന്ന്‌ തെക്കുഭാഗത്തേയ്ക്ക്‌ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനുശേഷം നാനാഭാഗത്തുനിന്നും ആക്രമിക്കുന്ന ഇസ്രയേൽ കരയുദ്ധത്തിന്‌ തയ്യാറെടുക്കുന്നു. സർക്കാർ പച്ചക്കൊടി കാണിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് ഇസ്രയേൽ സൈന്യത്തിന്റെ വക്താവ് ലഫ്. കേണൽ പീറ്റർ ലെർനർ പറഞ്ഞു. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌. കര ആക്രമണത്തിന് സർക്കാർ നിർദേശം നൽകിയാൻ മുന്നോട്ടുപോകാൻ എല്ലാം സജ്ജമാണ്‌. റിസർവ്‌ പടയേയും സന്നദ്ധരാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്നും- പീറ്റർ ലെർനർ പറഞ്ഞു.

30,000 റിസർവ്‌ സൈനികരെ തയ്യാറാക്കിയിട്ടുണ്ട്‌. കരയുദ്ധം നടത്തുമെന്ന്‌ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ്‌ ഗാലൻ മുമ്പുതന്നെ സൂചന നൽകിയിരുന്നു. കരയുദ്ധം ആസന്നമാകുന്നെന്ന സാഹചര്യത്തിൽ വടക്കൻ ഗാസയിലെ അൽ-ഖുദ്‌സ് ആശുപത്രി ഒഴിപ്പിക്കാൻ പലസ്തീൻ റെഡ് ക്രസന്റ് അടിയന്തര അഭ്യർഥന നടത്തിയതായി ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. അതിനിടെ ഗാസ നഗരം വിട്ടുപോകാതെ തുടരുന്നവരെ ഭീകരരായി കണക്കാക്കുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി. സൈപ്രസിൽ ഇസ്രയേൽ എംബസിക്കുനേരെ ആക്രമണമുണ്ടായി.  

അതേസമയം, ബന്ദികളാക്കിയ രണ്ട് യുഎസ് വനിതകളെ ഹമാസ് മോചിപ്പിച്ചതോടെ, കരയുദ്ധം തുടങ്ങാനുള്ള ഇസ്രയേലിന്റെ നീക്കം വൈകിപ്പിക്കാനുള്ള ശ്രമം യുഎസും യൂറോപ്യന്‍ രാജ്യങ്ങളും സജീവമാക്കി. തങ്ങളുടെ പൗരന്മാരുടെ ജീവന്‌ ഭീഷണിയുണ്ടാകുമെന്ന കാരണത്താലാണ്‌ ഇടപെടൽ. റാഫ ഇടനാഴി തുറന്ന സാഹചര്യത്തിൽ ജറുസലേമിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതിർത്തി തുറന്നാൽ വൻതോതിൽ ആളുകൾ കടക്കാൻ ശ്രമിച്ചേക്കാമെന്നും അരാജകവും ക്രമരഹിതവുമായ സാഹചര്യം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നുമാണ്‌ മുന്നറിയിപ്പ് നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top