22 November Friday

ഗാസയിലെ അവസാന 
ആശുപത്രിയും ഒഴിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


ഗാസ സിറ്റി
മധ്യ ഗാസയിൽ പ്രവർത്തിക്കുന്ന അവസാന ആശുപത്രിയായ അൽ അഖ്‌സ ആശുപത്രി ഉടൻ ഒഴിയണമെന്ന ഭീഷണിയുമായി ഇസ്രയേൽ സൈന്യം. തെക്കൻ മേഖലയിൽനിന്ന്‌ മധ്യ നഗരങ്ങളിലേക്ക്‌ ആക്രമണം വ്യാപിപ്പിക്കുന്നതിനിടെയാണ്‌ ഭീഷണി. ഇതേത്തുടർന്ന്‌ ദെയ്‌ർ അൽ ബലായിലെ ആശുപത്രിയിൽ കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാരും, സർവതും നഷ്ടപ്പെട്ട്‌ ആശുപത്രിയിൽ അഭയം തേടിയ നൂറുകണക്കിന്‌ കുടുംബങ്ങളും പലായനം ചെയ്യുന്ന ദൃശ്യം പുറത്തുവന്നു.
പത്തുമാസമായി തുടരുന്ന കടന്നാക്രമണത്തിൽ ഇസ്രയേൽ സൈന്യം മുനമ്പിലെ പ്രധാന ആശുപത്രികളെല്ലാം ഹമാസ്‌ കേന്ദ്രങ്ങളെന്ന്‌ ആരോപിച്ച്‌  ബോംബിട്ട്‌ തകർത്തിരുന്നു. ഗാസയിലെ 23 ലക്ഷം ജനങ്ങളിൽ 90 ശതമാനത്തിനും സർവതും നഷ്ടമായതായി ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട്‌ ചെയ്തു.

അതിനിടെ, ഞായറാഴ്ച കെയ്‌റോയിൽ നടന്ന സമാധാന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ നടപ്പാക്കാൻ സന്നദ്ധമാണെന്ന്‌ ഹമാസ്‌ അറിയിച്ചു. അതിനിടെ, ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു.

ഇസ്രയേലിനെ സഹായിക്കാന്‍ അമേരിക്കയുടെ 
500–-ാം വിമാനം
ഒക്ടോബർ ഏഴിന്‌ ഗാസയിലേക്ക്‌ കടന്നാക്രമണം ആരംഭിച്ചതിനുശേഷം ഇസ്രയേലിന്‌ സഹായവുമായി അമേരിക്കയുടെ അഞ്ഞൂറാം വിമാനം ടെൽ അവീവിലെത്തി. യുദ്ധോപകരണങ്ങളും മറ്റുമായി 50,000 ടൺ സൈനിക സഹായമാണ്‌ 500 വിമാനത്തിലും 107 കപ്പലുകളിലുമായി ഇസ്രയേലിൽ അമേരിക്ക ഇതുവരെ എത്തിച്ചത്‌.

ഇസ്രയേലിനെ 
ഉപരോധിക്കണം:- 
മാധ്യമസംഘടനകൾ
ഇസ്രയേലിനോടുള്ള സഹകരണം അവസാനിപ്പിക്കാനും ഉപരോധം ഏർപ്പെടുത്താനും മാധ്യമസംഘടനകൾ യൂറോപ്യൻ യൂണിയനോട്‌ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരെ കൊന്നൊടുക്കുകയും മാധ്യമസ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യുന്ന ഇസ്രയേലിനെതിരെ നടപടിയാവശ്യപ്പെട്ടുകൊണ്ട്‌ റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡർസ്‌ അടക്കമുള്ള 60 മാധ്യമസംഘടനകളാണ്‌ രംഗത്തുവന്നത്‌.  ഒക്ടോബർ മുതൽ നടന്നുവരുന്ന കടന്നാക്രമണത്തില്‍ ഇതുവരെ 130 പലസ്തീൻ മാധ്യമപ്രവർത്തകര്‍ കൊല്ലപ്പെട്ടു. ഇതിൽ 30 പേർ കൊല്ലപ്പെട്ടത്‌ യുദ്ധം റിപ്പോർട്ട്‌ ചെയ്യുന്നതിനിടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top