ടെഹ്‌റാൻ> വരാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന് ശേഷം ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി ഇസ്രയേലിനെ ആക്രമിക്കാൻ തയ്യാറായിക്കഴിഞ്ഞുവെന്ന രീതിയിൽ മുൻ ദിവസങ്ങളിൽ എക്‌സിൽ കുറിച്ചിരുന്നു.
ഒക്‌ടോബർ ഒന്നിന് ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഇറാന്റെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തിയിരുന്നു. ഇത് അവഗണിക്കുന്നത് ഇസ്രയേലിനെതിരായ പരാജയം സമ്മതിക്കുന്നതിന് തുല്യമാകുമെന്ന് ഖമനയി പറഞ്ഞു. കഴിഞ്ഞ ആഴ്ച ആക്രമണ പ്രത്യാക്രമണത്തിന് ശേഷം ലോക രാജ്യങ്ങൾ ഇസ്രയേലിനോടും ഇറാനോടും ഇനി ആക്രമിക്കരുതെന്ന് അഭ്യർഥിച്ചിരുന്നു.
എന്നാൽ യുഎസ് തെരഞ്ഞെടുപ്പിന് ശേഷം ഇറാൻ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. നവംബർ അഞ്ചിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഖമനയിയുടെ അടുത്ത അനുയായി മുഹമ്മദ് ഗോൽപയ്‌ഗെനി ഇസ്രയേൽ ഖേദിക്കും എന്ന തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. “നമ്മുടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നടത്തുന്ന ആക്രമണങ്ങൾ ഇസ്രയേലിന്റെ ബോധപൂർവമായ നീക്കമായിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഈ ആക്രമണങ്ങളോട് ഏറ്റവും തീവ്രതയോടെ പ്രതികരിക്കും ” എന്ന് ഗോൽപയ്‌ഗെനി വാർത്താ ഏജൻസിയോട് പറഞ്ഞു. മിസൈലുകൾ വിക്ഷേപിച്ച് മേഖലയിലെ സന്തുലിതാവസ്ഥ തകരുമെന്ന് ജൂതരാഷ്ട്രം വിശ്വസിക്കുന്നുണ്ടെങ്കിൽ അത് ബുദ്ധിശൂന്യമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ഹുസൈൻ സലാമി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..