22 December Sunday

ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് മേധാവിയെ വധിച്ചെന്ന് ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ബെയ്റൂട്ട് > ഹിസ്‍ബുള്ളയുടെ ലോജിസ്റ്റിക് യൂണിറ്റി​ന്റെ കമാൻഡർ സുഹൈൽ ഹുസൈൻ ഹുസൈനിയെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. ഇന്റലിജൻസിന്റെ നിർദേശപ്രകാരം വ്യോമസേന യുദ്ധവിമാനങ്ങൾ ബെയ്റൂട്ട് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ സുഹൈൽ ഹുസൈനിയെ വധിച്ചു എന്നാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചത്. ലോജിസ്റ്റിക്സിന്റെ പ്രവ‍ർത്തനങ്ങൾക്കും സാമ്പത്തിക കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ച ഹുസൈനി ഹിസ്‍ബുള്ളയുടെ ഉന്നത സൈനിക സംഘടനയായ ജിഹാദ് കൗൺസിൽ അംഗം ആയിരുന്നുവെന്നും ഐഡിഎഫ് എക്സിൽ കുറിച്ചു.

ഇറാനും ഹിസ്‍ബുള്ളയും തമ്മിലുള്ള ആയുധ കൈമാറ്റത്തിൽ ഹുസൈനി നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും ഹിസ്‍ബുള്ളയുടെ യൂണിറ്റുകൾക്കിടയിൽ അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഹുസൈനിക്കായിരുന്നുവെന്നും ഐഡിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു. തങ്ങൾക്കെതിരെ ലെബനനിൽ നിന്നും സിറിയയിൽ നിന്നുമുള്ള പ്രവർത്തനങ്ങൾ ഹുസൈനി ഏകോപിപ്പിച്ചിരുന്നുവെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇക്കാര്യം ലബനൻ സ്ഥിരീകരിച്ചതായി റിപ്പോർട്ടില്ല. കഴിഞ്ഞ മാസം അവസാനം ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‍ബുള്ള മേധാവി ഹസൻ നസ്‌റള്ളയെ ഇസ്രയേൽ വധിച്ചിരുന്നു.

അതിനിടെ, തെക്കുപടിഞ്ഞാറൻ ലെബനനിൽ നടത്തുന്ന ആക്രമണങ്ങൾ പുതിയ മേഖലയിലേക്ക് വ്യാപിപ്പിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. ആക്രമണങ്ങൾക്കെതിരെ ഇറാൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണിതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഗാസയിലും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും നരഹത്യയും ഒരു വർഷം പിന്നിട്ടിട്ടും മാറ്റമില്ലാതെ തുടരുകയാണ്, ആക്രമണങ്ങളിൽ ഇതുവരെ 41,909 ​ഗാസക്കാർ കൊല്ലപ്പെടുകയും 97,303 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top