22 December Sunday

വടക്കൻ ​ഗാസയിൽ ഇസ്രയേൽ ആക്രമണം; 73 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

ഗാസ സിറ്റി > വടക്കൻ ​ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ബെയ്റ്റ് ലാഹിയ മേഖലയിലാണ് ആക്രമണം നടന്നത്. പ്രദേശത്ത് പൂർണമായും ഉപരോധം ഏർപ്പെടുത്തിയ ശേഷമായിരുന്നു ഇസ്രയേലിന്റെ കൂട്ടക്കൊലയെന്നാണ് വിവരം. നിരവധി കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നു.

ഹമാസ് തലവനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഗാസയിലെ ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും ഇസ്രയേൽ ആക്രമിച്ചിരുന്നു. വടക്കൻ ഗാസയിൽ രണ്ടാഴ്‌ചയ്ക്കിടെ ഇസ്രയേൽ 450ൽ അധികം പേരെ വധിച്ചു. ഗാസയിലെ ആകെ മരണസംഖ്യ 42,519 ആയി. ജബലിയയിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായ ആക്രമണത്തിൽ 10 പേർ മരിച്ചു. എൺപതിലധികം പേർക്ക്‌ പരിക്കേറ്റു. മേഖലയിലെ വീടാക്രമിച്ച്‌ അഞ്ച്‌ പേരെയും ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി. മഗാസി ക്യാമ്പിലെ വീടുകൾ തകർന്ന്‌ 16 പേരും കൊല്ലപ്പെട്ടു.

വടക്കൻ ഗാസയിലെ പ്രധാന ആശുപത്രികളായ ഇൻഡോനേഷ്യൻ ആശുപത്രി, അൽ അവ്‌ദ ആശുപത്രി, കമാൽ അദ്‌വാൻ ആശുപത്രി എന്നിവയും ആക്രമിച്ചു. അൽ അവ്‌ദ ആശുപത്രിയിലെ ജനറേറ്റർ തകർന്നതോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന രണ്ട്‌ പേർ മരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top