22 November Friday

കരുതിക്കൂട്ടി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ടെൽ അവീവ്‌ > നൂറോളം യുദ്ധവിമാനങ്ങൾ, അഞ്ചാം തലമുറ എഫ്‌ 35 അദിർ ഫൈറ്റർ ജെറ്റുകൾ, എഫ്‌ 15 ഐ അറ്റാക്ക്‌ ജെറ്റുകൾ, എഫ്‌ 16 ഐ ഡിഫൻസ്‌ ജെറ്റുകൾ. വൻ സന്നാഹങ്ങൾ അണിനിരത്തിയാണ്‌ തിങ്കൾ പുലർച്ചെ ഇറാനിൽ മൂന്ന്‌ പ്രവിശ്യകളിലായി ഇരുപതോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക്‌ ഇസ്രയേൽ മണിക്കൂറുകൾ നീണ്ട ആക്രമണം നടത്തിയത്. ആഴ്‌ചകളെടുത്ത്‌, ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി തെരഞ്ഞെടുത്ത്‌, ആക്രമണരീതിയടക്കം അമേരിക്കയെ ബോധ്യപ്പെടുത്തിയായിരുന്നു നീക്കം. അതീവരഹസ്യമായി സൂക്ഷിച്ച ആക്രമണ പദ്ധതി കഴിഞ്ഞ ദിവസം ചോർന്നത്‌ അമേരിക്കയ്‌ക്ക്‌ നാണക്കേടാകുകയും എഫ്‌ബിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

യുദ്ധവിമാനങ്ങളെ 2000 കിലോമീറ്റർ പരിധിയിൽ ഒരുക്കിനിർത്തി 100 ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ജെറ്റുകളെ പ്രത്യേക ചുമതല നൽകി സംഘങ്ങളായി തിരിച്ചിരുന്നു. മിസൈൽ ആക്രമണത്തിന്‌ മാത്രം പത്ത്‌ വിമാനങ്ങളാണ്‌ ഉപയോഗിച്ചത്‌. ആദ്യം വ്യോമ പ്രതിരോധ സംവിധാനത്തെയും പിന്നീട്‌ മിസൈൽ, ഡ്രോൺ നിർമാണ കേന്ദ്രങ്ങളെയും ആക്രമിച്ചു. നാശനഷ്ടത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആഘാതം കുറച്ചത്‌ യുഎസ് തെരഞ്ഞെടുപ്പ്‌

ഇറാനിലെ എണ്ണപ്പാടങ്ങളും എണ്ണ സംഭരണ കേന്ദ്രങ്ങളും ആണവ നിലയങ്ങളും ആക്രമിക്കുന്നത്‌ പരിഗണിച്ചിരുന്നതായി ഇസ്രയേൽ സർക്കാർ വൃത്തങ്ങൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ആണവനിലയങ്ങൾ ആക്രമിക്കുന്നതിനെ പിന്തുണയ്‌ക്കില്ലെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ വ്യക്തമാക്കി. അമേരിക്കൻ തെരഞ്ഞെടുപ്പിന്‌ പത്തുദിവസം മാത്രം അവശേഷിക്കെ, പശ്ചിമേഷ്യയിൽ സംഘർഷം മറ്റ്‌ മേഖലകളിലേക്കും പടരുന്നത്‌ ബൈഡന്റെ ഡെമോക്രാറ്റിക്‌ പാർടിക്ക്‌ ഗുണകരമാകില്ല. ഗാസയിലും ലബനനിലും വെടിനിർത്തൽ സാധ്യമാക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിനെതിരെ അമേരിക്കയിൽ ജനരോഷം ശക്തമാണ്‌. അതുകൊണ്ടൊക്കെയാണ്‌ ആണവനിലയങ്ങളെയടക്കം ആക്രമിക്കുന്നത്‌ ഒഴിവാക്കിയതെന്നാണ്‌ അനുമാനം.

ആക്രമണം അവസാനിപ്പിച്ചതായി അറിയിച്ച ഇസ്രയേൽ സൈനിക വക്താവ്‌ ഡാനിയൽ ഹഗേരി, ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിന്‌ വലിയ കേടുപാട്‌ ഉണ്ടാക്കിയതായും ഇത്‌ കൂടുതൽ വ്യാപകമായ ആക്രമണത്തിന്‌ ഇസ്രയേലിന്‌ സാധ്യതയൊരുക്കുമെന്നും അവകാശപ്പെട്ടു. 2023 ഒക്ടോബർ ഏഴിന്‌ ഗാസയിൽ കടന്നാക്രമണം ആരംഭിച്ച ഇസ്രയേൽ ലബനനിലും വ്യാപക ആക്രമണം നടത്തുകയാണ്‌. സിറിയയെയും ആക്രമിച്ചു.

കടുത്ത ആശങ്ക 
രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി > പശ്ചിമേഷ്യയിൽ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഏറ്റുമുട്ടൽ ഒഴിവാക്കി സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിൽ എല്ലാവരും മടങ്ങിവരണമെന്നും ഇറാനെ ഇസ്രയേൽ ആക്രമിച്ച പശ്ചാത്തലത്തിൽ  വിദേശമന്ത്രാലയം പ്രസ്താവനയിൽ അഭ്യര്‍ഥിച്ചു. നിഷ്‍കളങ്കരായ ബന്ദികളുടെയും സാധാരണ ജനങ്ങളുടെയും ദുരിതം വര്‍ധിപ്പിക്കുമെന്നല്ലാതെ  സംഘര്‍ഷം ആര്‍ക്കും ​ഗുണകരമാകില്ല.  മേഖലയിലെയും അതിനപ്പുറവുമുള്ള സമാധാനവും സുസ്ഥിരതയെയും ബാധിക്കും. ഇന്ത്യക്കാരുമായി അവിടങ്ങളിലെ എംബസി ബന്ധപ്പെടുന്നുണ്ട്. വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോ​ദിയും ജര്‍മൻ ചാൻസലർ ഒലാഫ്‌ ഷോൾസും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയിലും വിഷയം ചര്‍ച്ചയായെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top