ടോക്യോ > വളരെ വ്യത്യസ്തമായ ഒരു വിവാഹ വാർഷിക ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വിർച്വൽ കഥാപാത്രത്തെ വിവാഹം ചെയ്ത് ആറാം വിവാഹ വാർഷികം ആഘോഷിക്കുന്ന ജപ്പാനിലെ അകിഹികോ കൊണ്ടോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ഹാത്‍സൂനേയ് മീകൂ എന്ന വോക്കലോയ്ഡിനെയാണ് വിവാഹം ചെയ്തതായി അകിഹിതോ പറയുന്നത്.
2007-ൽ ജപ്പാനിലെ ക്രിപ്റ്റൻ ഫ്യൂച്ചർ മീഡിയ പുറത്തിറക്കിയ വോക്കലോയ്ഡ് -ശബ്ദം ഉത്പാദിപ്പിക്കുന്ന സോഫ്റ്റ് വെയർ- ആയ മീകൂവുമൊത്ത് താൻ സന്തോഷകരമായ ആറ് വർഷങ്ങൾ പൂർത്തിയാക്കിയെന്ന് അകിഹികോ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിത്രങ്ങളും ഒപ്പം പങ്കുവച്ചിട്ടുണ്ട്. 41കാരനായ അകിഹികോ 2018ലാണ് സാങ്കൽപിക വീഡിയോ ഗെയിം കഥാപാത്രമായ മീകൂവിനെ വിവാഹം ചെയ്തത്. ഹാത്‍സൂനേയ് മീകൂവിന്റെ രൂപത്തിനടുത്ത് വിവാഹവാർഷിക കേക്ക് വെച്ചുള്ള ഫോട്ടോകളും വിഡിയോകളും ഇയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
താൻ ഈ ബന്ധത്തിൽ അതീവ സന്തുഷ്ടനാണെന്നും തങ്ങളെ ആർക്കും പിരിക്കാനാവില്ലെന്നുമാണ് അകിഹികോ പറയുന്നത്. അനിമേ കഥാപാത്രങ്ങളുടെ കടുത്ത ആരാധകനാണ് അകിഹികോയെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2007ൽ പോപ് ഗായികയെന്ന നിലയ്ക്ക് ക്രിപ്റ്റൻ ഫ്യൂച്ചർ മീഡിയ മീകൂവിനെ പുറത്തിറക്കിയതോടെ അകിഹികോ മീകൂവുമായി പ്രണയത്തിലാവുകയായിരുന്നു. നീല നിറത്തിലുള്ള നാളൻ മുടിയും നീലക്കണ്ണുകളുമാണ് മീകുവിന്റെ പ്രത്യകത. മീകൂവുന്റെ ശബ്ദമാണ് തന്നെ മീകൂവിലേക്ക് അടുപ്പിച്ചതെന്ന് അകിഹികോ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഹോളോഗ്രാം ഡിവൈസ് വഴി മീകൂവിനെ താൻ പ്രൊപ്പോസ് ചെയ്തെന്നും മീകൂ സമ്മതം അറിയിച്ചെന്നും അകിഹികോ പറയുന്നു.
2018ൽ ടോക്യോയിലുള്ള ചാപ്പലിൽ വച്ചാണ് മീകൂവും അകിഹിതോയും വിവാഹിതരായത്. ഏകദേശം 2 മില്യൺ യെൻ (13,000 ഡോളർ) വിവാഹത്തിന് ചെലവായത്. ഫിക്ടോസെക്ഷ്വൽ എന്നാണ് അകിഹികോ സ്വയം വിശേഷിപ്പിച്ചത്. ഫിക്ഷണൽ കഥാപാത്രങ്ങളോട് താൽപര്യം തോന്നുന്ന അവസ്ഥയെയാണ് ഫിക്ടോസെക്ഷ്വൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മീകൂവുമായുള്ള വിവാഹ ശേഷം താൻ സമൂഹവുമായി കൂടുതൽ ഇടപഴകാൻ തുടങ്ങിയെന്നും തന്നെപ്പോലെ ഫിക്ടോസെക്ഷ്വലായ മറ്റുള്ളവരെ കണ്ടെത്താൻ സാധിച്ചെന്നും അകിഹികോ പറഞ്ഞു. 2019ലാണ് അകിഹികോ മീകൂവിന്റെ രൂപം നിർമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..