വാഷിങ്ടൺ > മകൻ ഹണ്ടർ ബൈഡൻ ചെയ്ത എല്ലാ കുറ്റകൃത്യങ്ങൾക്കും മാപ്പ് നൽകി ജോ ബൈഡൻ. നികുതി ലംഘനങ്ങളിൽ കുറ്റം സമ്മതിച്ച ഹണ്ടറിന് തോക്കുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷ വിധിച്ചിരുന്നു. മകനെതിരായ കേസുകളിൽ തന്റെ പ്രസിഡൻഷ്യൽ അധികാരം ഉപയോഗിക്കില്ലെന്ന് മുമ്പ് പറഞ്ഞിരുന്നെങ്കിലും ഔദ്യോഗികമായി മാപ്പ് നൽകിയതായി ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു. മകനെതിരെയുള്ള കുറ്റാരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ബൈഡൽ പറഞ്ഞു.
തോക്ക്, നികുതി കുറ്റങ്ങൾ എന്നിവയ്‌ക്ക് പുറമെ 2014 ജനുവരി 1 നും 2024 ഡിസംബർ 1 നും ഇടയിൽ ഹണ്ടർ ചെയ്ത മറ്റെല്ലാ ഫെഡറൽ കുറ്റകൃത്യങ്ങൾക്കും ബൈഡൻ മാപ്പ് നൽകി. ജൂറി തീരുമാനത്തിന് വിധേയമാണെന്നും മാപ്പ് നൽകില്ലെന്നും ബൈഡൻ കഴിഞ്ഞ ജൂണിൽ വ്യക്തമാക്കിയിരുന്നു. ഹണ്ടർ ബൈഡന് ഭരണകൂടം മാപ്പ് നൽകില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറിയും പറഞ്ഞിരുന്നു. എന്നാൽ പ്രസിഡന്റ് കാലാവധി അവസാനിക്കാനിരിക്കെയാണ് ബൈഡന്റെ തീരുമാനം.
2018-ൽ അനധികൃതമായി തോക്ക് വാങ്ങിയതിന് കഴിഞ്ഞ ജൂണിൽ ഹണ്ടർ ബൈഡൻ ശിക്ഷിക്കപ്പെട്ടിരുന്നു. അനധികൃതമായി തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട മൂന്നു കേസുകളിൽ ഹണ്ടർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 1.4 മില്യൺ ഡോളറിലധികം നികുതി അടയ്ക്കുന്നത് ലംഘിച്ചതുൾപ്പെടെ ഹണ്ടറിനെതിരെ നിരവധി ആരോപണങ്ങളുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..