25 October Friday

രാജിയാവശ്യം ശക്തം; മത്സരിക്കുമെന്ന് ട്രൂഡോ

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

ഒട്ടാവ
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്‌ക്കണമെന്ന്‌ ആവശ്യം അദ്ദേഹത്തിന്റെ പാർടിയിലെ എംപിമാർക്കിടയിൽ ശക്തമായി. 28ന് മുമ്പ് ട്രൂഡോ രാജിവയ്‌ക്കണമെന്ന്‌ ലിബറൽ പാർടി ഓഫ്‌ കാനഡയുടെ 24 എംപിമാർ അന്ത്യശാസനം നൽകിയെന്ന് സിബിസി ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തു. ഇവർ ഒപ്പിട്ട കത്ത്‌ ട്രൂഡോയ്‌ക്ക്‌ കൈമാറി.

പ്രധാനമന്ത്രിപദത്തിൽ ഒമ്പത്‌ വർഷം പിന്നിട്ട ട്രൂഡോ ഇനി മത്സരിക്കരുതെന്നാണ് ആവശ്യം. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ തെരഞ്ഞെടുപ്പിൽനിന്ന്‌ പിന്മാറിയപ്പോൾ ഡെമോക്രാറ്റിക്‌ പാർടിക്ക്‌ ലഭിച്ചതുപോലുള്ള നവോന്മേഷം ട്രൂഡോയുടെ രാജി ലിബറൽ പാർടിക്ക്‌ നൽകുമെന്നും എംപിമാര്‍ പറയുന്നു. എന്നാൽ, പകരം ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. അടുത്ത വർഷമാണ് പൊതുതെരഞ്ഞെടുപ്പ്‌.

എന്നാൽ, രാജിവയ്ക്കണമെന്നും നാലാമതും മത്സരിക്കരുതെന്നുമുള്ള ആവശ്യം ട്രൂഡോ നിഷേധിച്ചു. അടുത്ത തെരഞ്ഞെടുപ്പിലും താൻ തന്നെയാകും ലിബറൽ പാർടിയെ നയിക്കുകയെന്നും പ്രഖ്യാപിച്ചു. നൂറ്റാണ്ടിലധികമായി രാജ്യത്ത്‌ ഒരു പ്രധാനമന്ത്രിയും നാലുവട്ടം തുടർച്ചയായി ജയിച്ചിട്ടില്ല.ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോ​ഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന  ട്രൂഡോയുടെ ആരോപണം  ഇരു രാജ്യവും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കിയിരിക്കുകയാണ്.

പി ആര്‍ വെട്ടിക്കുറയ്ക്കാൻ കാനഡ
കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്നുള്ളവർക്ക്‌ നൽകുന്ന സ്ഥിരതാമസ അനുമതി (പിആര്‍) വെട്ടിക്കുറയ്‌ക്കാൻ കാനഡ. ഈ വർഷം നൽകുന്ന പിആര്‍ 4.85 ലക്ഷത്തിൽനിന്ന്‌ 2026ൽ 3.80 ലക്ഷമായും 2027ൽ 3.65 ലക്ഷമായും കുറയ്‌ക്കാനാണ്‌ തീരുമാനം. മുമ്പ്‌ പ്രഖ്യാപിച്ചതിനെക്കാൾ കടുത്ത നടപടികളിലേക്കാണ്‌ ട്രൂഡോ സർക്കാർ കടക്കുന്നതെന്നതിന്റെ സൂചനയാണിത്‌.

കാനഡയിലെ ഇന്ത്യക്കാരായ വിദ്യാർഥികളെയും തൊഴിലാളികളെയും ബാധിക്കുന്ന തീരുമാനമാണിത്‌. താൽക്കാലിക താമസക്കാരെ  മൂന്നുവർഷംകൊണ്ട്‌ ആകെ ജനസംഖ്യയുടെ അഞ്ചുശതമാനമായി ചുരുക്കാനാണ് നീക്കം. നിലവിൽ 6.5 ശതമാനമാണ്‌. പാർപ്പിട പ്രശ്‌നങ്ങൾ രൂക്ഷമായതോടെ കാനഡയിൽ കുടിയേറ്റത്തിൽ നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top