ന്യൂയോർക്ക്> അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹരിസിന് റിപ്പബ്ലിക്കൻ പാർടിയുടെ ഡൊണാൾഡ് ട്രംപിനേക്കാൾ മുൻതൂക്കമെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് സർവേ. തെരഞ്ഞെടുപ്പിൽ നിന്ന് പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതോടെ വൈസ് പ്രസിഡന്റ് കമല ഹാരിസ് മത്സരംഗത്തേക്ക് വന്നത്.
കഴിഞ്ഞ ഞായറാഴ്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ബൈഡൻ പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് നടന്ന സർവേകളിൽ ബൈഡനേക്കാൾ മുൻതൂക്കം ട്രംപിനായിരുന്നു . ഇതാണ് കമലാ ഹാരിസ് മറികടന്നത്. സർവേയിൽ കമലാ ഹാരിസിന് 44ഉം ട്രംപിന് 42ഉം ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
സ്ഥാനാർഥിത്വത്തിന് തന്നെ പിന്തുണച്ച ബൈഡന് നന്ദി പറഞ്ഞ കമല ഹാരിസ്, ഇതുവരെയുള്ള പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ സ്ഥാനാർഥിത്വം നേടിയെടുക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
59കാരിയായ ഹാരിസിന് മാനസികമായി കൂടുതൽ ശ്രദ്ധയും വെല്ലുവിളികളെ നേരിടാൻ കഴിവുമുണ്ടെന്നാണ് സർവേയിൽ പങ്കെടുത്ത 56 ശതമാനം പേരും പറയുന്നത്. അതേസമയം, ഇക്കാര്യത്തിൽ ട്രംപിനെ പിന്തുണച്ചത് 49 ശതമാനം പേര് മാത്രമാണ്. ബൈഡന്റെ പ്രചാരണ ക്യാമ്പയിൻ ‘ഹാരിസ് ഫോർ പ്രസിഡന്റ്’ എന്ന് പേരുമാറ്റുകയും പുതിയ ലോഗോ പുറത്തിറക്കുകയും ചെയ്തു.
മുൻ സ്പീക്കറും മുതിർന്ന ഡെമോക്രാറ്റിക് നേതാവുമായ നാൻസി പെലോസിയും കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കമലയുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങുമെന്ന് ജോ ബൈഡനും പറഞ്ഞു. ബൈഡന്റെ ഉൾപ്പെടെ പ്രമുഖരുടെ പിന്തുണ ലഭിച്ചെങ്കിലും, കമല ഹാരിസ് ഡെമോക്രാറ്റിക് പാർടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകുമോ എന്നറിയാൻ ആഗസ്ത് 19ലെ ഷിക്കാഗോ കണ്‍വന്‍ഷന്‍വരെ കാത്തിരിക്കണം. എന്നാൽ ആഗസ്ത് ഏഴിനുമുമ്പായി പ്രസിഡന്റ് നോമിനിയെ ആവശ്യമെങ്കിൽ ഓൺലൈൻ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കാനും നീക്കമുണ്ട്.
പ്രായാധിക്യവും അനാരോഗ്യവുമാണ് മുൻ സ്ഥാനാർത്ഥി ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുണ്ടായ സാഹചര്യം. പ്രചാരണത്തിന്റെ തുടക്കംമുതൽ അബദ്ധങ്ങളും നാക്കുപിഴകളും ബൈഡനെ വേട്ടയാടിയിരുന്നു. റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ ബൈഡന്റെ പ്രകടനം ദയനീയമായിരുന്നു. ട്രംപിന് നേരെ വെടിവയ്‌പ്പ് ഉണ്ടായ സാഹചര്യത്തിൽ ബൈഡന്റെ നില കൂടുതൽ പരുങ്ങലിലാവുകയും ട്രപ് അനുകൂല സാഹചര്യം ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം തള്ളിക്കളഞ്ഞാണ് കമല ഹാരിസ് ട്രംപിനെ മറികടന്ന് അഭിപ്രായ സർവേയിൽ മുന്നേറിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..