17 September Tuesday

യുഎസ് തെരഞ്ഞെടുപ്പ്: സർ‌വേകളിൽ കമല ഹാരിസിന് മുൻതൂക്കം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

വാഷിങ്ടൺ > യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർ‌വേകളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് മുൻതൂക്കം. രാജ്യത്തുടനീളം അഭിപ്രായ സർവേകളിലെല്ലാം കമല ഹാരിസ് റിപ്പബ്ലിക്കൻ സ്ഥാനാ‍ർഥിയും മുൻ പ്രസിഡന്റുമായിരുന്ന ഡൊണാൾഡ് ട്രംപിനേക്കാൾ‌ ഏറെ മുന്നിലാണ്.

വെള്ളിയാഴ്ച പുറത്ത് വന്ന ഫൈവ് തേർടി എയ്റ്റ് ഇന്ററാക്ടീവ്സിന്റെ സർവേ റിപ്പോർട്ടാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. റിപ്പോർട്ട് പ്രകാരം കമല ഹാരിസിന് യുഎസ് പ്രസിഡന്റാകാനുള്ള സാധ്യത ട്രംപിനേക്കാൾ 2.1 പോയിൻ്റ് കൂടുതലാണ്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റോയിട്ടേഴ്‌സ്/ഇപ്‌സോസ് സർവേയിൽ കമല 42 ശതമാനം പേരുടെ പിന്തുണ നേടി. 37 ശതമാനത്തിന്റെ പിന്തുണയാണ് ട്രംപിനുള്ളത്.    

നേരത്തെ ഡെമോക്രാറ്റിക് പാർടിയുടെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായ സർവേകളിൽ ഏറെ പിന്നിലായിരുന്നു. പൊതു അഭിപ്രായം എതിരായതിന് പിന്നാലെ ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് പാർടിക്കുള്ളിൽ തന്നെ ആവശ്യം ശക്തമായി. സ്ഥാനാർഥിയാകാനില്ലെന്ന് ബൈഡൻ അറിയിച്ചതിന് പിന്നാലെയാണ് കമലക്ക് നറുക്ക് വീണത്. ബൈഡനെതിരായിരുന്ന സർവേ റിപ്പോർട്ടുകളിൽ മിക്കതും കമലക്ക് അനുകൂലമാകുന്നതായിട്ടാണ് കാണുന്നത്. രാജ്യത്തുടനീളമുള്ള സ്ത്രീസമൂഹത്തിന്റെ വലിയ പിന്തുണ കമലക്കുണ്ട്.     

കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലൻ ചെന്നൈ സ്വദേശിയും അച്ഛൻ ഡോണൾഡ് ജാസ്പർ ഹാരിസ് ജമൈക്കക്കാരനുമാണ്. ഇരുവരും യുഎസിലേക്ക് കുടിയേറിയവരാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിലെ ആദ്യത്തെ വനിത പ്രസിഡന്റും ബറാക് ഒബാമയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കറുത്ത വർ​ഗക്കാരിയായ പ്രസിഡന്റുമാകും കമല ഹാരിസ്. ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതാ പ്രസിഡന്റെന്ന റെക്കോർഡും കമല സ്വന്തമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top