08 September Sunday

ലക്ഷ്യം ട്രംപിന്റെ തോല്‍വി : കമല ഹാരിസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽനിന്ന്‌ പ്രസിഡന്റ്‌ ജോ ബൈഡൻ പിന്മാറിയതോടെ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസ് മത്സരം​ഗത്തേക്ക്. സ്ഥാനാർഥിത്വത്തിന്‌ തന്നെ പിന്തുണച്ച ബൈഡന്‌ നന്ദി പറഞ്ഞ കമല ഹാരിസ്‌, ഇതുവരെയുള്ള പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ സ്ഥാനാർഥിത്വം നേടിയെടുക്കാനാകുമെന്ന്‌ പ്രത്യാശ പ്രകടിപ്പിച്ചു. നവംബർ അഞ്ചിന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്‌ ട്രംപിനെ പരാജയപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്നും അവർ പറഞ്ഞു.  സ്ഥാനാർഥിത്വത്തിനായി ഒബാമയുടെ ഭാര്യ മിഷേലിന്റെ പേരും ഉയരുന്നുണ്ട്.

ബൈഡന്റെ ഉൾപ്പെടെ പ്രമുഖരുടെ പിന്തുണ ലഭിച്ചെങ്കിലും, കമല ഹാരിസ്‌ ഡെമോക്രാറ്റിക്‌ പാർടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകുമോ എന്നറിയാൻ  ആഗസ്ത്‌ 19ലെ ഷിക്കാഗോ കണ്‍വന്‍ഷന്‍വരെ കാത്തിരിക്കണം. സ്ഥാനാർഥി എന്ന നിലയിൽ ബൈഡൻ ക്യാമ്പ്‌ ഇതുവരെ സമാഹരിച്ച 24 കോടി ഡോളറി(2,008 കോടി രൂപ)ന്‌ എന്തുസംഭവിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്‌.

ചരിത്രമെഴുതുമോ അമേരിക്ക
ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെടുകയും നവംബർ അഞ്ചിന്റെ തെരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തുകയും ചെയ്താൽ അമേരിക്കൻ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല ഹാരിസ്‌. സാൻ ഫ്രാൻസിസ്കോയുടെ ഡിസ്‌ട്രിക്ട്‌ അറ്റോർണിയായ ആദ്യ കറുത്തവംശജയാണ്‌ കമല ഹാരിസ്‌ (2004). 2011ൽ കലിഫോർണിയ അറ്റോർണി ജനറലായപ്പോൾ ആ പദവിയിലെത്തിയ ആദ്യ സ്ത്രീയും ആദ്യ ആഫ്രിക്കൻ വംശജയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമായി. 2016ൽ കലിഫോർണിയയിൽനിന്ന്‌ സെനറ്ററായപ്പോൾ ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ വംശജയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമായി. 2021ൽ അമേരിക്കയിലെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായി.  കമലയുടെ അച്ഛൻ ഡോണൾഡ്‌ ജെ ഹാരിസ്‌ ജമൈക്കക്കാരനാണ്‌. അമ്മ ശ്യാമള ഗോപാലൻ തമിഴ്നാട്ടുകാരിയാണ്.

അമേരിക്കയിലെ കറുത്ത വംശജരായ സ്ത്രീകൾ കമലയ്ക്കുവേണ്ടി പ്രചാരണം ആരംഭിച്ചു. ബൈഡൻ പിന്മാറി മണിക്കൂറുകൾക്കകം കമലയ്ക്ക്‌ 4.6 കോടി ഡോളർ പ്രചാരണ ഫണ്ട്‌ ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top