22 December Sunday

ബൈഡന് പകരം കമല തന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

വാഷിങ്ടൺ > യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിയുടെ സ്ഥാനാർഥിയായി നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് പാർടിയുടെ നോമിനിയാകാൻ കമല ഹാരിസ് മതിയായ ഡെലിഗേറ്റുകളുടെ വോട്ടുകൾ നേടിയെന്ന് നാഷണൽ കമ്മിറ്റി ചെയർമാനായ ജെയിം ഹാരിസൺ വെള്ളിയാഴ്ച അറിയിച്ചു. സ്ഥാനാർഥിയെ നിർണയിക്കാനായി ഡെമോക്രാറ്റിക് പാർടിയുടെ നാഷണൽ കൺവെൻഷനിലേക്കുള്ള പ്രതിനിധികൾ ഇമെയിൽ വഴി വോട്ടിങ് ആരംഭിച്ചിരുന്നു. വ്യാഴാഴ്ച ആരംഭിച്ച വെർച്വൽ വോട്ടിങ് തിങ്കളാഴ്‌ചയാണ് സമാപിക്കുന്നത്.  എന്നാൽ ഇതിനകം തന്നെ ഭൂരിപക്ഷത്തിലും വളരെ കൂടുതൽ വോട്ടുകൾ കമല ഹാരിസിന് ലഭിച്ചു.

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നോമിനി ആയതിൽ സന്തോഷമുണ്ടെന്നും അടുത്ത ആഴ്ച സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കമല ഹാരിസ് എക്‌സിൽ കുറിച്ചു. കഴിഞ്ഞ മാസം അവസാനം പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നാണ് കമലയക്ക് നറുക്ക് വീണത്. ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലൻ ചെന്നൈ സ്വദേശിയും അച്ഛൻ ഡോണൾഡ് ജാസ്പർ ഹാരിസ് ജമൈക്കക്കാരനുമാണ്. ഇരുവരും യുഎസിലേക്ക് കുടിയേറിയവരാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിലെ ആദ്യത്തെ വനിത പ്രസിഡന്റും ബറാക് ഒബാമയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കറുത്ത വർ​ഗക്കാരിയായ പ്രസിഡന്റുമാകും കമല ഹാരിസ്. ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതാ പ്രസിഡന്റെന്ന റെക്കോർഡും കമല സ്വന്തമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top