21 December Saturday

'ക്രോധമോ പ്രതികാരമോ അല്ല, സ്‌നേഹവും സമാധാനവുമാണാവശ്യം'-ഖാലിദ സിയ ബംഗ്ലാദേശ് ജനതയോട് പറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ധാക്ക > "ജനാധിപത്യത്തില്‍ അധിഷ്ഠിതമായതും എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതുമായ ഒരു ബംഗ്ലാദേശ്. അത് ക്രോധത്തിന്റേയോ പ്രതികാരത്തിന്റേയോ ആകരുത്; മറിച്ച് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയുമാകണം"- ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ജയില്‍മോചിതയായ ശേഷം ബുധനാഴ്ച രാജ്യത്തോടായി പറഞ്ഞു.

2018 നു ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഖാലിദ സിയയുടെ പ്രസംമായിരുന്നു ഇത്.

"ഞാന്‍ ജയില്‍ മോചിതയായിരിക്കുന്നു. വിജയമോ മരണമോ എന്ന നിലയില്‍ പോരാടി അസാധ്യമായത് സാധ്യമാക്കിയ ധീരരോട് ഞാന്‍ നന്ദി പറയുന്നു. കൊള്ളയുടേയും അഴിമതിയുടേയും രോഗാതുരമായ രാഷ്ട്രീയത്തിന്റേയും  ജീര്‍ണാവശിഷ്ടങ്ങളിൽ നിന്ന് തിരിച്ചു കയറാനുള്ള സാധ്യത ഈ വിജയം നമുക്ക് നല്‍കിയിരിക്കുന്നു. ഐശ്വര്യമുള്ള രാജ്യമാക്കി നമുക്ക് ബംഗ്ലാദേശിനെ മാറ്റിയെടുക്കേണ്ടതുണ്ട്. വിദ്യാര്‍ഥികളിലും യുവാക്കളിലുമാണ് നമ്മുടെ ഭാവി"-  നായാപാല്‍ട്ടണില്‍ ബംഗ്ലാദേശി നാഷണല്‍ പാര്‍ട്ടിയുടെ റാലിയില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു. വീഡിയോ വഴിയായിരുന്നു പ്രസംഗം.

തകര്‍ക്കലോ ക്രോധമോ പ്രതികാരമോ വേണ്ട, നമുക്ക് വേണ്ടത് സ്‌നേഹവും  സമാധാനവുമാണ്. അതിലൂടെ രാജ്യത്തെ പുനര്‍നിര്‍മിക്കണം- ഖാലിദ സിയ കൂട്ടിച്ചേര്‍ത്തു.

അഴിമതിയുടെ പേരില്‍ 17 വര്‍ഷത്തേയ്ക്കാണ് സിയയെ ഷെയ്ക്ക് ഹസീന ഭരണകൂടം 2018 ല്‍ ജയിലിലിടച്ചത്. നിലവില്‍ ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്.  ഒരാള്‍ പുറത്തിങ്ങിയപ്പോള്‍ അയാളെ ശിക്ഷിച്ച കാലത്തെ ഭരണാധികാരിക്ക് രാജ്യം വിട്ടു പോകേണ്ടിവന്നിരിക്കുന്നു എന്ന വൈരുദ്ധ്യമാണ് ബംഗ്ലാദേശില്‍ നിലനില്‍ക്കുന്നത്.

 79 കാരിയായ സിയയ്ക്ക് പുതുക്കിയ പാസ്‌പോര്‍ട്ട് ചൊവ്വാഴ്ച ലഭിച്ചു. ബിഎന്‍പി ചെയര്‍പേഴ്സണായ സിയ നിലവില്‍ വിവിധ രോഗങ്ങള്‍ മൂലം ചികിത്സ തേടിയിരിക്കുകയാണ്. ബംഗ്ലാദേശ് പ്രസിഡന്റ്  മുഹമ്മദ് ഷഹാബുദീന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച  ഇളവ് പ്രകാരമാണ് സിയയ്ക്ക് പുറത്തിറങ്ങാനായത്.

1991 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയുമാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top