വാഷിങ്‌ടൺ
വേൾഡ് റെസ്‌ലിങ് എന്റർടെയ്ൻമെന്റ് (ഡബ്ല്യു ഡബ്ല്യു ഇ) സഹസ്ഥാപകയും മുൻ സിഇഒയുമായ ലിൻഡ മക്‌മഹോനെ വിദ്യാഭ്യാസ സെക്രട്ടറിയായി ശുപാർശ ചെയ്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധികാരത്തിലെത്തിയാൽ ഫെഡറൽ വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
കണക്ടികട്ട് വിദ്യാഭ്യാസ ബോർഡിൽ ഒരു വർഷം അംഗമായിരുന്നത് മാത്രമാണ് വിദ്യാഭ്യാസ രംഗത്തെ ലിൻഡയുടെ പരിചയം. ട്രംപ് ആദ്യം പ്രസിഡന്റായപ്പോൾ 2017–- 19 കാലത്ത് സ്‌മോൾ ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ രംഗം നയിച്ചത് ഇവരാണ്. ജനുവരിയിലെ അധികാരമേൽക്കലിന് മുന്നോടിയായി അദ്ദേഹം രൂപീകരിച്ച പരിവർത്തന ടീമിന്റെ സഹ അധ്യക്ഷയുമാണ്.
ലിൻഡയ്ക്കൊപ്പം ‘ട്രംപ് വാൻസ് പരിവർത്തന ടീമി’നെ നയിക്കുന്ന ഹോവർഡ് ലട്‌നിക്കിനെ കൊമേഴ്‌സ് സെക്രട്ടറിയായും ശുപാർശ ചെയ്തു. ആഗോള ഫിനാൻഷ്യൽ സ്ഥാപനമായ കാന്റൺ ഫിറ്റ്‌സ്‌ജെറാൾഡിന്റെ ചെയർമാനും സിഇഒയുമാണ്. യു എസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസിന്റെ ചുമതലയുമുണ്ടാകും. വിരളമായാണ് രണ്ട് ചുമതലയും ഒരാൾക്ക് ലഭിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..