കാലിഫോർണിയ > യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പുകഴ്ത്തി മെറ്റ സിഇഒ മാർക് സക്കർബർഗ്. പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ വെടിവയ്പ്പിന് തൊട്ടുപിന്നാലെ ട്രംപ് നടത്തിയ പ്രതികരണം ഏതൊരു അമേരിക്കക്കാരനെയും വികാരഭരിതനാക്കുന്നതായിരുന്നുവെന്ന് സക്കർബർഗ് പറഞ്ഞു.
ചെവിക്ക് വെടിയേറ്റ ശേഷം എഴുന്നേറ്റ് മുഷ്ടി ചുരുട്ടി നിൽക്കുന്ന ട്രംപിന്റേത് താൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആവേശഭരിതമായ ദൃശ്യമായിരുന്നു. ഒറ്റപ്രതികരണത്തിലൂടെ ട്രംപ് വോട്ടർമാരുടെ മനം കവർന്നു. ട്രംപിന്റെ പോരാട്ട വീര്യമാണ് പലരെയും അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്നതെന്നും കാലിഫോർണിയയിലെ മെറ്റ ആസ്ഥാനത്ത് ഒരു അഭിമുഖത്തിനിടെ സക്കർബർഗ് പറഞ്ഞു. എന്നാൽ താൻ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെയോ ഡെമോക്രാറ്റിക് പ്രതിനിധി ജോ ബൈഡനെയോ പരസ്യമായി പിന്തുണക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിൽ ഒരു തരത്തിലും ഇടപെടാൻ പദ്ധതിയില്ലെന്നും സക്കർബർഗ് പറഞ്ഞു.
നേരത്തെ പ്രമുഖ ടെക് വ്യവസായിയും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക് ട്രംപിനെ പിന്തുണക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ക്യാമ്പെയ്നായി ഭീമൻ തുക സംഭാവന നൽകുന്നതായും വാർത്തകൾ പുറത്തു വന്നിരുന്നു. മാർക് ആൻഡ്രീസെൻ, ബെൻ ഹൊറോവിറ്റ്‌സ് എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ പിന്തുണയും ട്രംപിനാണെന്നാണ് റിപ്പോർട്ടുകൾ. ഈ നിരയിലേക്ക് ഇപ്പോൾ സക്കർബർഗും ചേരുകയാണെന്നാണ് ആദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.
2021 ജനുവരിയിൽ യുഎസ് ക്യാപിറ്റോളിനു നേരെ ട്രംപ് അനുകൂലികൾ അക്രമം നടത്തിയതിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ടുകൾക്ക് മെറ്റ വിലക്കേർപ്പെടുത്തിയിരുന്നു. മെറ്റയുടെ നിയമങ്ങൾക്ക് വിരുദ്ധമായി വ്യാജ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നു എന്നുകാട്ടിയായിരുന്നു നീക്കം. 2023 ഫെബ്രുവരിയിൽ അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുമതി നൽകിയെങ്കിലും നിയന്ത്രണങ്ങൾ പൂർണമായും നീക്കിയത് ഈ മാസം 12നായിരുന്നു. എന്നാൽ താൻ മെറ്റായോടും സക്കർബർഗിനോടും ക്ഷമിച്ചിട്ടില്ലെന്നും പ്രതികാരം ചെയ്യുമെന്നുമായിരുന്നു ട്രംപ് ഈ ഘട്ടത്തിൽ പറഞ്ഞത്. മാർച്ചിൽ അദ്ദേഹം ഫേസ്‌ബുക്കിനെ 'ജനങ്ങളുടെ ശത്രു' എന്ന് വിളിച്ചു. താൻ പ്രസിഡന്റായാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാരെ പിന്തുടർന്ന് ജയിലിലടയ്ക്കുമെന്നും സക്കർബർഗ് സൂക്ഷിച്ചോളൂ എന്നും ഈ മാസം ആദ്യവും ട്രംപ് അമേരിക്കൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ഭീഷണി മുഴക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..