ഫ്ലോറിഡ
അമേരിക്കയിലെ ഫ്ലോറിഡയിൽ നാശംവിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിൽ പ്രവേശിച്ചു. ‘കാറ്റഗറി 3’ ചുഴലിയായി ബുധൻ രാത്രിയാണ് ടാംപയ്ക്ക് 112 കിലോമീറ്റർ തെക്ക് സിയസ്റ്റ കീക്കിന് സമീപം മിൽട്ടൺ കരതൊട്ടത്. ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് 125 വീട് തകർന്നു. വിവിധയിടങ്ങളിലായി നാലുപേർ മരിച്ചു. 30 ലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങി. ഫ്ലോറിഡയിൽ ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.
കരതൊട്ടപ്പോൾ 165 കിലോമീറ്ററായിവേഗം. 28 അടി ഉയരത്തിൽ തിരമാലകൾ അടിച്ചുകയറി. മിന്നൽപ്രളയമുണ്ടായി. ആറ് വിമാനത്താവളങ്ങൾ അടച്ചു. കനത്ത മഴയില്‍ മരങ്ങൾ വ്യാപകമായി കടപുഴകി. മിൽട്ടൺ 150 അനുബന്ധ ചുഴലികൾ സൃഷ്ടിച്ചതായും റിപ്പോർട്ട്.
സെപ്തംബർ അവസാനം ഫ്ലോറിഡ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നാശംവിതച്ച ഹെലൻ ചുഴലിക്കാറ്റിന് പിന്നാലെയാണ് മിൽട്ടണും എത്തിയത്. ഹെലൻ ചുഴലിയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 230 പേരാണ് മരിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള നാസ ശാസ്ത്രജ്ഞൻ മാത്യു ഡൊമിനിക് മിൽട്ടൺ ചുഴലിക്കാറ്റിന്റെ ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തി. ദൃശ്യം ടൈംലാപ്സ് വീഡിയോയായി പങ്കുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..