17 November Sunday

ഇറാൻ പരമോന്നത നേതാവായി അയത്തൊള്ള ഖമനേയിയുടെ മകനെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

photo credit:X

ടെഹ്‌റാൻ > ഇറാന്റെ പരമോന്നത നേതാവായി അയത്തൊള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്തബ ഖമനേയിയെ  തെരഞ്ഞെടുത്തതായി റിപ്പോർട്ട്‌.  ഇറാൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമമായ യെനെറ്റ് ന്യൂസാണ്‌ റിപ്പോർട്ട് ചെയ്തത്‌.

വിദഗ്ധരുടെ രഹസ്യ യോഗത്തിലാണ്‌  മൊജ്തബയെ പിൻഗാമിയായി തെരഞ്ഞെടുത്തതെന്നാണ്‌ റിപ്പോർട്ട്‌. അയത്തൊള്ള അലി ഖമനേയി (85) ഗുരുതരരോഗബാധിതനെന്ന്‌ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.  അലി ഖമനേയി അഭ്യർ‌ഥന മാനിച്ചാണ് സെപ്തംബർ 26 ന് പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനായി രഹസ്യ യോഗം വിളിച്ചിരുന്നത്‌.

മൊജ്തബ അപൂർവമായി മാത്രമേ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളു. എന്നാൽ 2009ലെ തെരഞ്ഞെടുപ്പിന് ശേഷം ഇറാനിൽ സജീവമാണദ്ദേഹം. 2021ൽ മൊജ്തബയ്ക്ക്‌ ഇറാന്റെ പരമോന്നത പദവിയായ  അയത്തൊള്ള എന്ന പദവി ലഭിച്ചു. പൊതുജനങ്ങളുടെ എതിർപ്പ് ഒഴിവാക്കാനാണ് തീരുമാനം രഹസ്യമാക്കി വെച്ചതെന്നാണ് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് പറയുന്നത്‌. എന്നാൽ ഇക്കാര്യത്തോട്‌ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റുഹോല്ല ഖമനേയിയുടെ മരണത്തെത്തുടർന്ന് 1989 മുതൽ അയത്തൊള്ള അലി ഖമനേയിയാണ്‌ ഇറാന്റെ പരമോന്നത നേതാവ്‌. കഴിഞ്ഞ വർഷം ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് പിന്തുടർച്ചയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരുന്നു.  ഖമനേയിയുടെ പിൻഗാമിയെച്ചൊല്ലി ആഭ്യന്തര അസ്വാരസ്യം നിലനിന്നിരുന്നതായും റിപ്പോർട്ടുകൾപുറത്തു വന്നിരുന്നു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top