ടെൽ അവീവ്/ ഗാസ സിറ്റി
ഗാസയിൽ ഇസ്രയേൽ തുടരുന്ന കടന്നാക്രമണം വംശീയ ഉന്മൂലനം ലക്ഷ്യമിട്ടാണെന്ന് ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി മോഷെ യാലോൺ. അധിനിവേശത്തിലൂടെയും ഉന്മൂലനത്തിലൂടെയും ഗാസയെ ഇസ്രയേലുമായി കൂട്ടിച്ചേർക്കാനാണ് ബെന്യാമിൻ നെതന്യാഹു നയിക്കുന്ന തീവ്ര വലതുപക്ഷ സർക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കുറ്റമാണിത്. വടക്കൻ ഗാസയിൽനിന്ന് പലസ്‌തീൻകാരെ വിരട്ടിയോടിച്ച് അവിടം ജൂത മേഖലയാക്കാനാണ് നെതന്യാഹു സർക്കാരിലെ തീവ്രദേശീയതാവാദികൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നെതന്യാഹു പ്രധാനമന്ത്രിയായിരിക്കെ 2016 വരെ പ്രതിരോധ മന്ത്രിയായിരുന്നു മോഷെ യാലോൺ.
അതിനിടെ, വടക്ക് ജബലിയ, തെക്ക് അബസാൻ അൽ അബിര അഭയാർഥി ക്യാമ്പുകളിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കി. ലോകത്ത് ഏറ്റവുമധികം അംഗഭംഗം വന്ന കുട്ടികൾ ഉള്ളത് ഗാസയിലാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗാസ നിവാസികൾ പട്ടിണിയിൽത്തന്നെ കഴിയുന്നെന്ന് ഉറപ്പാക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് നോർവീജിയൻ റെഫ്യൂജി കൗൺസിൽ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..