ധാക്ക
ഷെയ്‌ഖ് ഹസീന രാജിവച്ചതുമുതൽ ബംഗ്ലാദേശിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് താൽക്കാലിക വിരാമം. സാമ്പത്തിക വിദഗ്‌ധനും സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് (84) ഇടക്കാല സർക്കാരിന്റെമുഖ്യ ഉപദേഷ്ടാവായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിക്ക് തുല്യമായ പദവിയാണിത്. പ്രസിഡന്റിന്റെ വസതിയായ ബംഗഭബനിൽ വെള്ളി രാത്രി ഒമ്പതിനായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയെ സംരക്ഷിക്കുമെന്ന് യൂനുസ് പറഞ്ഞു.
ഷെയ്‌ഖ് ഹസീന സർക്കാരിന്റെ പതനത്തിന് വഴിതെളിച്ച വിദ്യാർഥി പ്രക്ഷോഭ നേതാക്കൾ നഹീദ് ഇസ്ലാം, ആസിഫ് മഹ്‌മൂദ് എന്നിവർ ഉൾപ്പെടെ 16 അംഗ കൗൺസിലാണ് അധികാരമേറ്റത്. പരിസ്ഥിതി, വനിതാവകാശ–- മനുഷ്യാവകാശ, സൈനിക മേഖലകളിൽനിന്നുള്ളവരും സ്വാതന്ത്ര്യ സമര സേനാനിയും കൗൺസിലിൽ ഉണ്ട്.
രാഷ്ട്രീയ നേതാക്കൾ, ജഡ്‌ജിമാർ, സേനാ മേധാവികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. ഇടക്കാല സർക്കാർ ചുരുങ്ങിയ കാലത്തേക്ക് സർക്കാരിനെ നയിക്കുമെന്നും പിന്നീട് തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുമെന്നുമാണ് വിവരം. ഇടക്കാല സർക്കാരിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യം മുമ്പ് ഷെയ്‌ഖ് ഹസീന തള്ളിയിരുന്നു. ഇടക്കാല സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് അമേരിക്ക പറഞ്ഞു.
ഒളിമ്പിക്സിനായി പാരിസിലായിരുന്ന യൂനുസ്, അധികാരമേൽക്കാനായി വെള്ളിയാഴ്ചയാണ് രാജ്യത്ത് എത്തിയത്. ധാക്ക വിമാനത്താവളത്തിൽ സൈനിക മേധാവി, ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർഥി നേതാക്കൾ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ മാത്രമേ അംഗീകരിക്കൂ എന്ന് വിദ്യാർഥികൾ നേരത്തേ പ്രസിഡന്റിനെ അറിയിച്ചിരുന്നു.ഷെയ്‌ഖ് ഹസീനയുടെ പുറത്താകൽ രാജ്യത്തിന്റെ രണ്ടാം വിമോചനമാണെന്ന് വിമാനത്താവളത്തിന് പുറത്ത് വാർത്താസമ്മേളനത്തിൽ യൂനുസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..