ക്വീൻസ്> ബോളിവുഡ് നടി നർഗീസ് ഫക്രിയുടെ സഹോദരി കൊലക്കേസിൽ ന്യൂയോർക്കിൽ അറസ്റ്റിൽ. മുൻ കാമുകൻ എഡ്വാർഡ് ജേക്കബ്‌സ് (35), ഇയാളുടെ സുഹൃത്ത് അനസ്‌താഷ്യ എറ്റിനി (33) എന്നിവരുടെ മരണത്തിലാണ് നർഗീസിന്റെ സഹോദരി ആലിയ ഫക്രി (43) അറസ്റ്റിലായത്. ഇരുനില ഗാരേജിന് തീയിട്ടാണ് ആലിയ ഫക്രി ഇരുവരെയും കൊലപ്പെടുത്തിയത്. ഡിസംബർ 9 വരെ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
നവംബർ രണ്ടിന് ന്യൂയോർക്കിൽ ജേക്കബ്‌സും സുഹൃത്തും താമസിച്ചിരുന്ന കെട്ടിടത്തിന് ആലിയ തീകൊളുത്തുകയായിരുന്നു. സംഭവസമയം ജേക്കബ്‌സ് ഉറക്കത്തിലായിരുന്നു. എറ്റിനി താഴെയെത്തിയെങ്കിലും ജേക്കബ്‌സിനെ രക്ഷിക്കാൻ അകത്തേയ്ക്ക് പോവുകയായിരുന്നു. വിഷപ്പുക ശ്വസിച്ചാണ് ഇരുവരും മരണപ്പെട്ടതെന്ന് ജില്ലാ അറ്റോർണി ജനറൽ മെലിൻഡ കാറ്റ്‌സ് വ്യക്തമാക്കി.
കൊലപാതകം, തീകൊളുത്തൽ എന്നീ കുറ്റങ്ങളാണ് ആലിയക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാമെന്ന് അറ്റോർണി ജനറൽ അറിയിച്ചു. ജേക്കബ്സിന്റെ വീടിന് തീവയ്ക്കുമെന്ന് ആലിയ മുൻപും ഭീഷണി മുഴക്കിയിരുന്നതായി സംഭവത്തിന്റെ ദൃക്‌സാക്ഷികൾ പറയുന്നു.
‘നിങ്ങളെല്ലാം ഇന്ന് മരിക്കും’ എന്ന് ആക്രോശിച്ചതിന് ശേഷമാണ് ആലിയ കെട്ടിടത്തിന് തീ കൊളുചത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിമിഷങ്ങൾക്കകം കെട്ടിടത്തിന് തീപിടിച്ചു.
ബോളിവുഡ് നടി നർഗീസ് ഫക്രിയുടെ ഇളയ സഹോദരിയാണ് 43 കാരിയായ ആലിയ ഫക്രി. ആലിയ ജനിച്ചതും വളർന്നതും ന്യൂയോർക്കിലെ ക്വീനിലാണ്. ആലിയയുടെയും നർഗീസിൻ്റെയും പിതാവ് മുഹമ്മദ് ഫക്രി ഒരു പാക്കിസ്ഥാനി ആയിരുന്നു. അവരുടെ അമ്മ മേരി ഫക്രി ചെക്ക് ആണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..