22 December Sunday

നേപ്പാൾ പ്രളയം: 217 മരണം, 28 പേരെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

കാഠ്‌മണ്ഡു > നേപ്പാളിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 217 ആയി. മഴയിൽ 28 പേരെ കാണാതായതായി  ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച മുതൽ കിഴക്കൻ, മധ്യ നേപ്പാളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

ദുരന്തത്തിൽ 143 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം പൊഖാരെൽ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 4,000 പേരെ നേപ്പാൾ സൈന്യവും നേപ്പാൾ പോലീസും സായുധ പോലീസ് സേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തിയതായി പൊഖാരെൽ പറഞ്ഞു. ദുരിതബാധിതർക്ക്‌ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സാമഗ്രികളും വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയിൽ നേപ്പാളിലുടനീളം വലിയ നാശനഷ്ടങ്ങളുണ്ടായി. മരണസംഖ്യ 50 കടന്ന കാഠ്മണ്ഡു താഴ്‌വരയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. നേപ്പാൾ ആർമി, സായുധ പോലീസ് സേന, നേപ്പാൾ പോലീസ് എന്നിവരടക്കം 20,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി വിന്യസിച്ചിട്ടുണ്ട്.

കാഠ്മണ്ഡുവിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ലാൻഡ് റൂട്ടായ ത്രിഭുവൻ ഹൈവേയിൽ ഗതാഗതം പുനരാരംഭിച്ചതായി പൊഖാരെൽ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നേപ്പാളിലുടനീളം 322 വീടുകളും 16 പാലങ്ങളും തകർന്നു. കാഠ്മണ്ഡുവിനോട് അതിർത്തി പങ്കിടുന്ന ധാഡിംഗ് ജില്ലയിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ബസ് മണ്ണിനടിയിൽപ്പെട്ട് 19 പേർ മരിച്ചിരുന്നു. ഭക്തപൂർ നഗരത്തിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് അഞ്ച് പേർ മരിച്ചു. മക്വാൻപൂരിൽ ഓൾ നേപ്പാൾ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന പരിശീലന കേന്ദ്രത്തിലുണ്ടായ മണ്ണിടിച്ചിലിൽ ആറ് ഫുട്ബോൾ താരങ്ങളും മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top