കാഠ്മണ്ഡു > ചൈനീസ് മാധ്യമമായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കി നേപ്പാൾ. സാമൂഹ്യ സൗഹാർദ്ദവും ഐക്യവും ഇല്ലായ്‌മചെയ്യുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ വർഷമാണ് നേപ്പാൾ ടിക് ടോക് നിരോധിച്ചത്. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് കമ്മ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് തീരുമാനം പ്രഖ്യാപിച്ചത്.
എല്ലാ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളേയും രാജ്യത്ത് തുല്യമായി പരിഗണിക്കണമെന്ന നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ നിർദേശത്തെ തുടർന്നാണ് നിരോധനം നീക്കിയത്.
ടിക്‌ടോക് നിരോധിക്കുന്നതിന് നാലുവർഷം മുമ്പ് നേപ്പാളിൽ 1,600-ലധികം സൈബർ കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനാൽ ടിക് ടോക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഉള്ളടക്കം നിയന്ത്രിക്കുന്നതിനുമായി പുതിയ സംവിധാനങ്ങൾ കൊണ്ടുവരുമെന്നും നേപ്പാൾ സർക്കാർ പറഞ്ഞു. നേപ്പാളിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ടിക് ടോക്ക് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..