17 September Tuesday

ഹേ​ഗ് കോടതിയിൽ ആവശ്യം; നെതന്യാഹുവിനെ അറസ്റ്റ്‌ ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ഹേഗ്‌ > ഗാസയിലെ ഇസ്രയേലിന്റെ കടന്നാക്രമണത്തിന്‌ കാരണക്കാരായ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും മറ്റ്‌ ഇസ്രയേൽ–-ഹമാസ്‌ നേതാക്കൾക്കുമെതിരെ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കണമെന്ന്‌ അന്താരാഷ്ട്ര നീതീന്യായ കോടതി (ഐസിസി)യുടെ ചീഫ്‌ പ്രോസിക്യൂട്ടറായ കരീം ഖാൻ. 

ഇസ്രയേൽ പ്രതിരോധമന്ത്രി യോവ്‌ ഗലാന്റിനും ഹമാസ് നേതാവ് യഹിയ സിൻവറിനും എതിരെ വാറന്റ്‌ പുറപ്പെടുവിക്കാനും ഖാൻ ആവശ്യപ്പെട്ടുണ്ട്.ഹമാസ് നേതാക്കളായ മൊഹമ്മദ്‌ ദയിഫ്‌, ഇസ്മയിൽ ഹനിയ എന്നിവരും വാറന്റ്‌ പുറപ്പെടുവിക്കേണ്ടവരുടെ പട്ടികയിലുണ്ട്. എന്നാൽ ഇവർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇരയെയും വേട്ടക്കാരനെയും തുല്യരായി കാണുന്ന സമീപനമാണ്‌ പ്രോസിക്യൂട്ടറുടേതെന്ന്‌ ഹമാസ് പ്രതികരിച്ചു.

ഐസിസി അറസ്റ്റ്‌ വാറന്റ്‌ സമർപ്പിച്ചാലും നേതാക്കളെ ഉടനടി അറസ്റ്റുചെയ്യില്ല. എന്നാൽ എന്നാൽ ഖാന്റെ വാദം കോടതി അംഗീകരിക്കുന്നപക്ഷം മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്ന വേളയിൽ ഇവർ അറസ്റ്റുചെയ്യപ്പെട്ടേക്കാം.  ​അതേസമയം ​ഗാസയിൽ രണ്ടുദിവസത്തിനിടെ 69 പലസ്തീൻകാർകൂടി കൊല്ലപ്പെട്ടു. ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 40,334 ആയി.

പരിക്കേറ്റത്‌ ഇസ്രയേൽ ആക്രമണത്തിലെന്ന്‌ 
ഹമാസ്‌ ബന്ദിയാക്കിയ യുവതി

ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ്‌ തനിക്ക്‌ പരിക്കേറ്റതെന്ന്‌ ഹമാസ്‌ ബന്ദിയാക്കിയ ഇസ്രയേലി യുവതി.  ടോക്കിയോയിൽ വച്ച്‌ ജി7 പ്രതിനിധികളുമായി സംസാരിക്കവേയാണ്‌ ഹമാസിന്റെ തടവില്‍നിന്നും മോചിക്കപ്പെട്ട നോവ അർഗമാനി  അനുഭവം പങ്കുവച്ചത്‌. എന്നാൽ വിഷയം റിപ്പോർട്ട്‌ ചെയ്ത മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന്‌ രണ്ടു ദിവസങ്ങൾക്കുശേഷം ഇവർ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.

ഹമാസ്‌ സൈനികർ തന്നെ മർദിച്ചെന്നും തല മുണ്ഡനം ചെയ്തെന്നുമുള്ള വാർത്തകൾ തെറ്റാണെന്നും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ചുമർ തകർന്നുവീണാണ്‌ തനിക്ക്‌ പരിക്കേറ്റതെന്നും നോവ അറിയിച്ചു. ജൂണിൽ നുസൈറത്തിലെ അഭയാർഥി ക്യാമ്പിനു സമീപത്ത്‌ നിന്നാണ്‌ ഇസ്രയേൽ സൈന്യം നോവയെ മോചിപ്പിച്ചത്‌.  

ഇതിനായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 236 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണവും ഇസ്രയേലിന്റെ "രക്ഷാപ്രവർത്തനവും' താൻ അതിജീവിച്ചത്‌ അത്ഭുതമായി തോന്നുന്നെന്ന്‌ നോവ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ബന്ദിയാക്കപ്പെട്ട നോവയുടെ പങ്കാളി ഇപ്പോഴും ഹമാസിന്റെ തടവിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top