25 December Wednesday

വീട് വേണ്ട, താമസിക്കാൻ കാരവൻ മതി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

വില്ലിങ്ടൺ > സ്വന്തമായൊരു വീട് മിക്കവരുടെയും സ്വപ്നമാണ്. സങ്കൽപ്പങ്ങളൊക്കെ കോർത്തിണക്കി മനോഹരമായൊരു വീടൊരുക്കാൻ വർഷങ്ങളുടെ അധ്വാനം വേണ്ടി വരും. വസ്തുവാങ്ങി, ലോണെടുത്ത്, വീടു പണിത് താമസമാക്കുന്നത് വരെയുള്ള നീണ്ടകാലയളവും അധ്വാനവും പണച്ചെലവുമെല്ലാം ഓർക്കുമ്പോഴേ പലർക്കും തലകറ‍ങ്ങും. നാൾക്ക് നാൾ വർദ്ധിച്ചു വരുന്ന വീട്ടുവാടകയെപ്പറ്റി ചിന്തിക്കുമ്പോൾ സ്വന്തമായി വീടുള്ളതു തന്നെ നല്ലതെന്നും തോന്നും.

ഏതായാലും താമസ സ്ഥലത്തിനായി പണം മുടക്കണം, എന്നാൽ പിന്നെ ഒരുവെടിക്ക് രണ്ട് പക്ഷിയിരിക്കട്ടെ എന്നാണ് ന്യൂസിലൻഡുകാരിയായ കാരെൻ ചിന്തിച്ചത്. വീടുവയ്ക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് യാത്രികയും വ്ലോ​ഗറും കൂടിയായ കാരൻ തന്റെ കാരവൻ വീടാക്കാൻ തീരുമാനിച്ചത്. താമസിക്കുകയും യാത്രയും ചെയ്യാം. കഴി‍ഞ്ഞ നാല് വർഷത്തിലേറെയായി ഗ്രാഫിക് ഡിസൈനറായ കാരന്റെ ജീവിതം ഈ കാരവനുള്ളിലാണ്.

'ഹൗസിങ് ലോണില്ല, എപ്പോൾ എവിടെ വേണമെങ്കിലും ചുറ്റിക്കറങ്ങുകയും ചെയ്യാം. വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുകയും ഒഴിവുസമയങ്ങളിൽ യാത്ര ചെയ്യുകയും ചെയ്യുന്നതിനാൽ സമയവും ലാഭം. ഇതാണ് ഹാപ്പി ലൈഫ്' എന്ന് കാരൻ പറയുന്നു. സ്ഥലപരിമിതിയാണ് ഈ സഞ്ചരിക്കുന്ന വീടിന്റെ ഏക പ്രശ്നമായി കാരൻ എടുത്തുപറയുന്നത്. 21 അടി മാത്രമാണ് കാരവന്റെ നീളം. ഫോൾഡ് ചെയ്യാനാകുന്ന ഉപകരണങ്ങളും അലമാരകളുമൊക്കെ ഉപയോ​ഗിച്ച് പരമാവധി സ്ഥലം പ്രയോജനപ്പെടുത്തുന്നു.



റൂഫിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പാനലുപയോ​ഗിച്ചാണ് വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നത്. കാട്ടിലേക്കും മറ്റും യാത്ര ചെയ്യുമ്പോൾ ക്യാമ്പ് സൈറ്റുകളിൽ നിന്ന് വൈദ്യുതി ഉപയോ​ഗിക്കും. ക്യാമ്പ് സൈറ്റുകളിൽ സ്റ്റേ ചെയ്യാൻ പണം നൽകേണ്ടി വരാറുണ്ട്. കാരവൻ ഇൻഷുറൻസിനും ജോലി ചെയ്യാനായി ഉപയോ​ഗിക്കുന്ന ഇന്റർനെറ്റ് മോഡത്തിനും പണം നൽകണം. വാഹനത്തിൽ ഉപയോ​ഗിക്കേണ്ട ഇന്ധനത്തിന് പണം നൽകണം. എന്നാൽ ഇതെല്ലാം ചേർത്താലും ന്യൂസിലൻഡിൽ വീട്ടുവാടക നൽകുന്നതിനോളം വരില്ല എന്ന് കാരൻ അവകാശപ്പെടുന്നു.  എതായാലും ഡബിൾ-ഗ്ലേസ് ചെയ്ത ജനാലകളും എസിയും ഗ്യാസ് ഹീറ്ററും എല്ലാമൊരുക്കിയിട്ടുള്ള കാരവനിൽ ചൂടത്തും തണുപ്പത്തുനെല്ലാം കാരന് സുഖജീവിതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top