27 December Friday

കലാപം ഒടുങ്ങാതെ ബംഗ്ലാദേശ്; ഖാലിദ സിയയ്ക്ക് എതിരെയും പ്രക്ഷോഭകർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ധാക്ക>  രാജ്യത്തിന്റെ ഭരണാധികാരി ജനവികാരം ഭയന്നു പലായനം ചെയ്യുകയും പ്രക്ഷോഭകാരികൾ ഭരണകർത്താക്കളുടെ ഔദോഗീക വസതികൾ കൈയേറുകയും ചെയ്യുന്ന കാഴ്ച ഒടുവിൽ ബംഗ്ലാദേശിലും അരങ്ങേറി. പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഉൾപ്പടെയുള്ള ഔദോഗീക വസതി കൈയ്യേറി ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടിട്ടും സൈന്യത്തിന് പോലും ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.

2021ൽ അഫ്ഗാനിസ്ഥാനിലും 2022-ൽ ശ്രീലങ്കയിലും കണ്ട കാഴ്ചകളാണ് ബംഗ്ലാദേശിലും അരങ്ങേറുന്നത്. 1970-കളിലെ സ്വാതന്ത്ര സമരത്തിന് ശേഷം, ഇത്രയും കലുഷിതമായ പ്രക്ഷോഭം ബംഗ്ലാദേശ് കണ്ടിട്ടില്ല.

മന്ത്രിമാരുടെ വീടുകൾ ഉൾപ്പടെ കൊള്ളയടിക്കപ്പെട്ടു. പാർലമെന്റിലേക്കും പ്രക്ഷോഭകർ ഇരച്ചുകയറി. അവാമി ലീഗ് ഓഫീസുകൾ ആക്രമിച്ച സമരക്കാർ ഷെയ്ഖ് ഹസീനയുടെ പിതാവും രാഷ്ട്രത്തിന്റെ സ്ഥാപകനും പ്രഥമ പ്രസിഡന്റുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമ തകർത്തു.

വിവിധയിടങ്ങളിലുണ്ടായ കലാപത്തിൽ ഇതുവരെ 340-ഓളം പേർ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 134 പേർ മരിച്ചെന്നാണ് വിവരം.

ഖാലിദ സിയ മോചിതയായി

ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ മോചിപ്പിച്ചു.  ബംഗ്ലദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ ആണ് മോചനത്തിന് ഉത്തരവിട്ടത്.

"അവർ മോചിതയായിരിക്കുന്നു" എന്നാണ് ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) വക്താവ് എ കെ എം വഹിദുസ്സമാൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞത്. പ്രതിപക്ഷ നേതാവും  ബംഗ്ലാദേശ് നാഷണൽ പാർട്ടി ചെയർപേഴ്സണുമായ ഖാലിദ സിയയെ ഏകകണ്ഠമായി മോചിപ്പിക്കാൻ തീരുമാനിച്ചു എന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചത്.  കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ, നാവിക, വ്യോമസേനാ മേധാവികൾ, ബിഎൻപി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് മോചനത്തിന് തീരുമാനമെടുത്തത്. എന്നാൽ പ്രക്ഷോഭകർ ഖാലിദ സിയയെ അനുകൂലിക്കുന്നില്ല എന്നാണ് വാർത്തകൾ.

ഏകദേശം നാല് ലക്ഷത്തിലധികം പേരാണ് തെരുവിലിറങ്ങിയതെന്ന് കണക്കാക്കപ്പെടുന്നത്. ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് തിങ്കളാഴ്ച സൈനിക മേധാവി വക്കർ ഉസ് സമാൻ പ്രഖ്യാപിച്ചിരുന്നു.  എല്ലാ ബംഗ്ലാദേശികൾക്കും നീതി ലഭിക്കുമെന്ന് വ്യക്തമാക്കുന്ന സൈനിക മേധാവി എന്നാൽ ഇടക്കാല സർക്കാരിനെ ആര് നയിക്കുമെന്ന് സൂചനകൾ നൽകിയിട്ടില്ല.

2008-ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം തുടർച്ചയായ നാലാം തവണയും ഭരണം നിലനിർത്തിയ ഷെയ്ഖ് ഹസീനയ്ക്ക് തന്റെ നാലാം ടേമിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ പ്രക്ഷോഭമാണ് സംവരണ വിരുദ്ധ സമരം. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നവരുടെ മക്കൾക്ക് പ്രത്യേകമായി നൽകിയിരുന്ന സംവരണം സുപ്രീംകോടതി പുനഃസ്ഥാപിച്ചപ്പോഴാണ് ഇപ്പോഴുള്ള വിദ്യാർഥി പ്രക്ഷോഭം ആരംഭിക്കുന്നത്.

 രാജ്യത്തെ സാമ്പത്തികമായി അഭിവൃദ്ധിയിലേക്കു നയിക്കുകയും ഒപ്പം തന്നെ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും മെരുക്കിയ മികവൊന്നും ഈ പ്രക്ഷോഭം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഷെയ്ഖ് ഹസീനയ്ക്ക് കഴിഞ്ഞില്ല. ഇത് അവരുടെ ജനപ്രീതി കുത്തനെ താഴാൻ ഇടയാക്കി.

ഹസീനയുടെ രാജിയും പലായനവും ബംഗ്ലാദേശിന്റെ സാമ്പത്തിക അടിത്തറയെയാണ് കാര്യമായി ബാധിക്കുക. കോവിഡ് മഹാമാരിക്കു ശേഷം സാമ്പത്തിക ഭദ്രതയിലേക്ക് രാജ്യം മടങ്ങിവരുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങിയതിനിടെയാണ് ഈ പ്രതിസന്ധിയെന്നതും ശ്രദ്ധേയമാണ്.

വർഷങ്ങളായി ജയിലിൽ കഴിയുന്ന രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ് സിയയെ മോചിപ്പിക്കാൻ പ്രസിഡന്റ് മുഹമ്മദ്ദ് ഷഹാബുദ്ദീൻ ഉത്തരവിട്ടിരുന്നു. ബീഗം ഖാലിദ് സിയയുടെ നേതൃത്വത്തിൽ താത്കാലിക സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമമാണ് അടിയന്തരമായി നടക്കുന്നതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നോബേൽ പുരസ്‌കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ്ദ് യൂനസിനെ പ്രധാനമന്ത്രിയാക്കണമെന്നാണ് കലാപകാരികൾ ആവശ്യപ്പെടുന്നത്.

ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എക്കാലത്തും ഉറച്ച പിന്തുണ നൽകിയ നേതാവായിരുന്നു ഹസീന. ഹസീനയിലുള്ള വിശ്വാസത്തിലാണ് ബംഗ്ലാദേശിന് പല സാമ്പത്തിക-സൈനിക സഹായങ്ങളും ഇന്ത്യ നൽകിപ്പോന്നത്. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഹസീനയ്ക്ക് യുറോപ്യൻ രാജ്യങ്ങളിൽ രാഷ്ട്രീയഭയം ലഭിക്കുന്നത് വരെ ഇന്ത്യയിൽ തങ്ങാനാണ്‌സാധ്യത.

ധാക്കയിൽ ഇനി ആര് ഭരണത്തിൽ വരുമെന്നതാണ് ഇന്ത്യ സംബന്ധിച്ച് ഏറ്റവും നിർണായകം. അടുത്തിടെ മാലിദ്വീപിൽ സംഭവിച്ചതു പോലെ ഇന്ത്യ വിരുദ്ധ ചേരി ബംഗ്ലാദേശിൽ അധികാരത്തിലേറുന്നത് വെല്ലുവിളിയാവും.

മുജീബ് റഹ്മാന്റെ കാലത്ത് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നെങ്കിലും അത്ര സജീവമല്ലായിരുന്നു ഷെയ്ഖ് ഹസീന. 1975-, മുജീബ് റഹ്മാന്റെ കൊലപാതകത്തോടെ രാഷ്ട്രീയം ഉപേക്ഷിച്ചുപോയ ഹസീന ദീർഘനാളോളം പ്രവാസ ജീവിതം നയിച്ചു. എന്നാൽ തന്റെ പിതാവ് പടുത്തുയർത്തിയ അവാമി ലീഗ് എന്ന പാർട്ടി വലിയ പ്രതിസന്ധി നേരിട്ടപ്പോൾ 1980-കളുടെ അവസാനത്തോടെ അവർ ബംഗ്ലാദേശിലേക്ക് മടങ്ങി വരികയായിരുന്നു. സ്വന്തം രാജ്യത്തെത്തി ആദ്യം അവർ ചെയ്തത് അവാമി ലീഗിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.

1981-ൽ പാർട്ടി അധ്യക്ഷയായ അവർ പ്രതിപക്ഷത്തെ നയിക്കാൻ തുടങ്ങി. പ്രതിപക്ഷ നേതൃത്വത്തെ നയിക്കുന്ന പെൺകരുത്ത് ബംഗ്ലാദേശ് രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കി. ഭരണപക്ഷത്തിന്റെ ന്യുനതകൾ കൃത്യമായി തുറന്നുകാട്ടാൻ ഹസീനയക്കായി. അതോടെ ജനം അവരുടെ പിന്നിൽ അണിനിരന്നു.അതിന്റെ ഫലമായി 1996-ൽ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന അധികാരമേറ്റെടുത്തു.

15 വർഷം തുടർച്ചയായി അവർ അധികാരത്തിലിരുന്നു. എല്ലാം നഷ്ടപ്പെട്ട ബംഗ്ലാദേശിനെ അഭിവൃദ്ധി പ്രാപിച്ച ഒരു സമ്പത്ത് വ്യവസ്ഥയിലേക്ക് മാറ്റിയത ഷെയ്ഖ് ഹസീനയുടെ ഭരണകാലമായിരുന്നുവെന്നാണ് അവരെ പിന്തുണയ്ക്കുന്നവർ അഭിപ്രായപ്പെടുന്നത്. എന്നാൽ ജനാധിപത്യ മുല്യങ്ങൾ തല്ലിക്കെടുത്തിയ എതിർ സ്വരങ്ങളോട് എന്നും അസഹിഷ്ണത പുലർത്തിയ സ്വേച്ഛാധിപത്യ ഭരണാധികാരിയായാണ് വിമർശകർ ഷെയ്ഖ് ഹസീനയെ നോക്കികാണുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top