21 November Thursday

വീണ്ടും അഭയകേന്ദ്രത്തില്‍ ബോംബിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


ഗാസ സിറ്റി
ഗാസയിലെ വിവിധയിടങ്ങളിൽ 24 മണിക്കൂറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 55 പേര്‍ കൊല്ലപ്പെട്ടു. മധ്യഗാസയിലെ നുസെയ്‌റത്ത്‌ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച്‌ കുട്ടികളുൾപ്പടെ 25 പേര്‍ മരിച്ചു. 18 മാസം പ്രായമുള്ള കൈക്കുഞ്ഞും പത്തുവയസുള്ള സഹോദരിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇവരുടെ മാതാവിനെ കണ്ടെത്താനായിട്ടില്ല. പിതാവ്‌ നാലുമാസം മുമ്പ് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കുടുംബാംഗങ്ങൾ അറിയിച്ചു.  കടന്നാക്രമണം ആരംഭിച്ചതിന്‌ ശേഷം കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 43,259 ആയി.

ലബനനിലെ ബെയ്‌റൂട്ടിൽ വ്യാഴാഴ്‌ച രാത്രി പത്തുതവണ ഇസ്രയേൽ ആക്രമണം നടത്തി. കിഴക്കൻ ലബനനിലെ അംഹാസിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ ലബനനിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 25 ആയി. ഹിസ്ബുള്ളയുടെ രണ്ട്‌ വ്യത്യസ്ത ആക്രമണത്തിൽ വടക്കൻ ഇസ്രയേലിൽ എഴുപേർ കൊല്ലപ്പെട്ടു

ഇസ്രയേല്‍ സൈനിക മേധാവി രക്ഷപ്പെട്ടത് 
തലനാരിഴ‍യ്ക്ക്
ഇസ്രയേൽ സൈന്യത്തിന്റെ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ ഹെർസി സലേവി ഹമാസിന്റെ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടക്കൻ ഗാസയിൽ ഹലേവിയുടെ സാന്നിധ്യമുണ്ടായിരുന്ന കെട്ടിടത്തിലേക്ക്‌ വ്യാഴാഴ്‌ചയാണ് ഹമാസ്‌ ആക്രമണം നടത്തിയത്. കെട്ടിടം തകർന്നെങ്കിലും തൊട്ടുമുമ്പ്‌ ഹലേവി കെട്ടിടത്തിന്‌ പുറത്തേക്കുപോയെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top