ബീജിങ്
ജനകീയ ചൈന റിപ്പബ്ലിക് നിലവിൽ വന്നിട്ട് 75 വർഷം. ചൈനീസ് വിപ്ലവം വിജയിക്കുകയും കമ്യൂണിസ്റ്റ് പാർടി ചൈനയിൽ അധികാരത്തിലേറുകയും ചെയ്‌തതിന്റെ ആഘോഷനിറവിൽ ചൈന. കൊളോണിയൽ ശക്തികളോടും ഫ്യൂഡൽ പ്രഭുക്കൻമാരോടും പോരടിച്ചാണ് മൗ സെ ദൊങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർടി ഓഫ് ചൈന, ജനകീയ ചൈന റിപ്പബ്ലിക് (പിആർസി) യാഥാർഥ്യമാക്കിയത്. 1949 ഒക്ടോബർ ഒന്നിനാണ് ചൈനയില്‍ കമ്യൂണിസ്റ്റ് പാർടി അധികാരത്തിലെത്തിയത്.
രാജ്യം സ്ഥാപിതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിനു മുന്നോടിയായി ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ഷി ജിൻ പിങ്ങും മറ്റ് മുതിർന്ന നേതാക്കളും രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ചു. പ്രധാനമന്ത്രി ലീ ചിയാങ്, ഷാവോ ലെജി, കായ് ചി തുടങ്ങിയ മുതിർന്ന നേതാക്കളും പങ്കെടുത്തു. രാഷ്‌ട്രത്തിനായി ബഹുമതികള്‍ നേടിയവരെ ആദരിച്ചു. ചടങ്ങിൽ ചൈനയുടെ ഫ്രണ്ട്‌ഷിപ് മെഡൽ ബ്രസിൽ മുൻ പ്രസിഡന്റ് ദിൽമ റൂസേഫിന് സമ്മാനിച്ചു. ദേശീയദിനത്തിന്റെ ഭാഗമായി ചൊവ്വ മുതൽ ഒരാഴ്‌ച ചൈനയിൽ അവധിയാണ്.
സമാധാനത്തിലൂന്നി
വികസനം:
ഷി ജിൻ പിങ്
ലോകസമാധാനം സംരക്ഷിക്കാനും വികസനത്തിനായി വിവിധ രാജ്യങ്ങളുമായി കൈകോർക്കാനും ചൈന സന്നദ്ധമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് പറഞ്ഞു. ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി ചൈനയെ മാറ്റി തീർക്കാനുള്ള പ്രയത്‌നത്തിലാണ് രാജ്യം. ചൈനയെ രൂപപ്പെടുത്തുന്നതിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർടി നിർണായക പങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..