27 December Friday

ടൈറ്റാനിക് വിസ്മൃതിയിലേക്ക് ? കടലിനടിയിൽ നശിച്ചുകൊണ്ടിരിക്കുന്ന കപ്പലിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

വാഷിങ്ടൺ > ഉത്തര അറ്റ്‍ലാന്റിക് സമുദ്രത്തിനടിയിൽ നിന്നുള്ള ടൈറ്റാനിക്കിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പുറത്ത്. കാലം ചെല്ലുന്തോറും കൂടുതൽ കേടുപാടുകൾ വന്നതായാണ് ചിത്രങ്ങൾ കാണിക്കുന്നത്. പ്രതികൂലകാലാവസ്ഥയും കപ്പൽ നശിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ടൈറ്റാനിക് സിനിമയിൽ ജാക്കും റോസും കൈകോർത്ത് നിൽക്കുന്ന കപ്പലിന്റെ മേൽത്തട്ടിലെ കൈവരികൾ പൂർണമായും തകർന്നു. ലേസർ പരിശോധനയിൽ കൈവരിയുടെ അവശിഷ്ടങ്ങൾ കടലിന്റെ അടിത്തട്ടിൽ നിന്നാണ് കണ്ടെത്തിയത്. എന്നാൽ നശിച്ചെന്ന് കരുതിയ ഡയാന ഓഫ് വഴ്സേയുടെ വെങ്കലപ്രതിമ പുതിയ പര്യവേക്ഷണത്തിൽ കണ്ടെത്തി. 1986ലാണ് റോബർട്ട് ബല്ലാർഡാണ് ഡയാന പ്രതിമ ആ​ദ്യമായി കണ്ടെത്തിയത്. എന്നാൽ പിന്നീട് കണ്ടെത്താവാനാതെ വന്നതോടെ ഇത് നശിച്ചെന്നാണ് കരുതിയിരുന്നത്.

ലോഹഭാ​ഗങ്ങൾ സൂക്ഷ്മജീവികൾ തിന്നുതീർക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. 2019ൽ വിക്ടർ വെസ്‌കോവോയുടെ നേതൃത്വത്തിൽ നടത്തിയ പര്യവേക്ഷണത്തിൽ ഓഫീസർമാരുടെ താമസസ്ഥലത്തിന്റെ ഒരു വശം തകർന്നതായും മുറികൾ ഇല്ലാതെയായതും കണ്ടെത്തി.

1921 ഏപ്രിൽ 14 ന് രാത്രിയാണ് ടൈറ്റാനിക് ആദ്യയാത്രയിൽ തന്നെ അപകടത്തിൽപ്പെടുന്നത്. മഞ്ഞുമലയിൽ ഇടിച്ച് കപ്പൽ തകർന്നപ്പോൾ 1,500ഓളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. തുടർന്ന് കടലിനടിയിലെ കപ്പലിന്റെ അവസ്ഥ അറിയാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

ആർ എം എസ് ടൈറ്റാനിക്കിനാണ് കപ്പൽ അവശിഷ്ടങ്ങളിൽ പൂർണ്ണ അവകാശം. നിരവധി കപ്പൽ അവശിഷ്ടങ്ങൾ കമ്പനി ശേഖരിക്കുകയും പ്രദർശനത്തിന് വയ്ക്കുകയും ചെയ്തു. ആ​ഗസ്ത് ഒൻപതിനാണ് 20 ദിവസത്തെ പര്യവേക്ഷണത്തിന് ശേഷം ആർ എം എസ് സംഘം മടങ്ങിയെത്തിയത്. കപ്പൽച്ചേതത്തിന്റെ ഇരുനൂറോളം ചിത്രങ്ങളുമായാണ് സംഘത്തിന്റെ മ‌ടങ്ങിവരവ്. നശിച്ചുകൊണ്ടിരിക്കുന്ന ടൈറ്റാനിക്കിന്റെ പുതിയ ചിത്രങ്ങൾ ഇനിയെത്രകാലം കൂടി കപ്പലിന് ഈ രീതിയിൽ നിലനിൽക്കാനാവും എന്ന ആശങ്കയുണർത്തുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top