22 December Sunday

​ഗാസയ്ക്കായി ശബ്ദമുയര്‍ത്തി ലോകം, നഗരങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


പാരിസ്‌
ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം ഒരുവർഷം പിന്നിടവെ, ലോകമെമ്പാടും പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുക, പലസ്തീനെ സ്വതന്ത്രമാക്കുക, ഗാസയിലും ലബനനിലും വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരിക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ ലോകത്തിന്റെ പലകോണുകളിലായി ജനങ്ങൾ നിരത്തിലിറങ്ങിയത്‌.

ഓസ്‌ട്രേലിയയിൽ സിഡ്‌നിയടക്കം പല നഗരങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നു.  ലണ്ടൻ, ബർലിൻ, പാരിസ്‌, റോം തുടങ്ങിയ നഗരങ്ങളിലും പതിനായിരങ്ങൾ പലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തു. പാരിസിൽ പ്രക്ഷോഭകരെ പൊലീസ്‌ ലാത്തിച്ചാർജ്‌ ചെയ്തു. മൊറോക്കോ തലസ്ഥാനം റബാത്തിൽ ഇസ്രയേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആയിരങ്ങൾ നിരത്തിലിറങ്ങി. ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ച 2020ലെ ധാരണ റദ്ദാക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു.

ഇസ്രയേലിന്‌ ആയുധം നല്‍കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്‍ഡോനേഷ്യൻ തലസ്ഥാനം ജക്കാർത്തയിൽ  യുഎസ്‌ എംബസിക്കുമുന്നിൽ പ്രക്ഷോഭമുണ്ടായി. ഫിലിപ്പീൻസിലും മനിലയിലെ യു എസ്‌ എംബസിക്കുമുന്നിൽ പ്രക്ഷോഭകർ തടിച്ചുകൂടി. ദക്ഷിണാഫ്രിക്കയിലെ കേപ്‌ ടൗൺ, ജൊഹാന്നസ്‌ബർഗ്‌, ദർബൻ എന്നിവിടങ്ങളിലും ജനങ്ങൾ ഗാസ നിവാസികൾക്ക്‌ ഐക്യദാർഢ്യമുയർത്തി. വെനസ്വെലയുടെ തലസ്ഥാനം കരാക്കസിലും ജനങ്ങൾ പലസ്തീൻ പതാകയുയർത്തി പ്രതിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top