09 November Saturday

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

photo credit:X

വാഷിങ്‌ടൺ
അമേരിക്കയിൽ കഴിയാൻ നിയമപരമായി അനുമതിയില്ലാത്തവരെ കൂട്ടത്തോടെ നാടുകടത്തുമെന്ന്‌ നിയുക്ത പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. എൻബിസി ന്യൂസിന്‌ നൽകിയ അഭിമുഖത്തിലാണ്‌ പ്രഖ്യാപനം. കുടിയേറ്റനയം ശക്തിപ്പെടുത്തുമെന്ന്‌ തെരഞ്ഞെടുപ്പ്‌ വേളയിലും ട്രംപ്‌ പറഞ്ഞിരുന്നു. ലാറ്റിനോ വംശജർ കഴിഞ്ഞാൽ അമേരിക്കയിൽ കൂടുതലുള്ള കുടിയേറ്റ ജനത ഇന്ത്യൻ വംശജരാണ്‌. 50 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ വംശജർക്ക്‌ ട്രംപിന്റെ ‘കൂട്ട നാടുകടത്തൽ’ നയം കനത്ത തിരിച്ചടിയാകും.

ശക്തമായ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെന്ന് ട്രംപ്‌ പറഞ്ഞു. അമേരിക്ക–-മെക്‌സിക്കൻ അതിർത്തിയിൽ പരിശോധന ശക്തമാക്കും. കൂടുതൽ ആളുകൾ അമേരിക്കയിലേക്ക്‌ വരണം. അത്‌ നിയമപരമായിരിക്കണം–- ട്രംപ്‌ പറഞ്ഞു. കൂട്ട നാടുകടത്തൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ ട്രംപ്‌ ഭരണകൂടം തീരുമാനിച്ചാൽ വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നു. 10 ലക്ഷം പേരെ പുറത്താക്കാൻ കോടിക്കണക്കിന്‌ ഡോളർ ചെലവുവരുമെന്നാണ്‌ വിലയിരുത്തൽ. ട്രംപ്‌ പ്രസിഡന്റായിരിക്കെ 2017 മുതൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരിൽ ജോലി സ്ഥലങ്ങളിൽ നടത്തിയ വിവാദ പരിശോധനകൾ 2021-ൽ ബൈഡൻ ഭരണകൂടം നിർത്തിവച്ചിരുന്നു.  

സമഗ്രാധിപത്യത്തിലേക്ക്‌ 
റിപ്പബ്ലിക്കൻ പാർടി

ഇലക്‌ടറൽ വോട്ടിന്‌ പുറമേ ജനകീയ വോട്ടിലും നേട്ടമുണ്ടാക്കിയ റിപ്പബ്ലിക്കൻ പാർടി പ്രതിനിധി സഭയിലും ഭൂരിപക്ഷത്തിലേക്ക്‌ നീങ്ങുന്നു. നിലവിൽ റിപ്പബ്ലിക്കൻ പാർടി 211 സീറ്റ്‌ നേടിയിട്ടുണ്ട്‌. 218 സീറ്റാണ്‌ ഭൂരിപക്ഷത്തിനുവേണ്ടത്‌. അരിസോണയിലെ 24 സീറ്റിലെ ഫലം വരാനുണ്ട്‌. ഇതിൽ ഏഴ്‌ സീറ്റുകൂടി ജയിച്ചാൽ സെനറ്റിന്‌ പുറമെ പ്രതിനിധി സഭയിലും ട്രംപിനും കൂട്ടർക്കും ഭൂരിപക്ഷം ലഭിക്കും. ഡെമോക്രാറ്റിക്‌ പാർടി നിലവിൽ 199 സീറ്റുകളിലാണ്‌ ജയിച്ചത്‌. രണ്ട്‌ വർഷം കൂടുമ്പോഴാണ്‌ യുഎസിൽ പ്രതിനിധി സഭയിലേക്ക്‌ തെരഞ്ഞെടുപ്പ്‌. ഇത്തവണ ഭൂരിപക്ഷം കിട്ടിയാൽ ആദ്യത്തെ രണ്ട്‌ വർഷം ട്രംപിനും കൂട്ടർക്കും എതിർപ്പുകളില്ലാതെ തങ്ങളുടെ നയങ്ങളുമായി മുന്നോട്ടുപോകാനാകും.
   2021–22ൽ ബൈഡന്റെ കീഴിലുള്ള ഡെമോക്രാറ്റിക്‌ പാർടി സർക്കാരിന്‌ സെനറ്റിലും പ്രതിനിധി സഭയിലും ഭൂരിപക്ഷമുണ്ടായിരുന്നു. ഈ സമയത്താണ്‌ പണപ്പെരുപ്പം കുറയ്‌ക്കൽ നിയമം ഉൾപ്പെടെയുള്ള പ്രധാന ബില്ലുകൾ പാസാക്കിയത്‌. 2009ൽ അധികാരമേറ്റപ്പോൾ സെനറ്റിലേയും പ്രതിനിധി സഭയിലേയും ഭൂരിപക്ഷം ഉപയോഗിച്ചാണ്‌ ‘ഒബാമ കെയർ’ ആരോഗ്യ പരിഷ്‌കരണ നിയമം ബരാക്‌ ഒബാമ നടപ്പാക്കിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top