ഡമാസ്കസ് > സിറിയയിൽ ബഷാർ അൽ അസദിന്റെ പതനം വിരുദ്ധർ ആഘോഷിക്കുന്നതിനിടെ, ആക്രമണം കൂടുതൽ വ്യാപിപ്പിച്ച് ഇസ്രയേൽ. തലസ്ഥാനമായ ഡമാസ്കസിലേക്കും വെള്ളിയാഴ്ച രാത്രി ആക്രമണം ഉണ്ടായി. സിറിയ സൈന്യത്തിന്റെ റഡാർ ബറ്റാലിയനും ഫോർത്ത് ഡിവിഷനും ആക്രമിക്കപ്പെട്ടു.
ഡമാസ്കസിലെ അസ്സുവയ്‌ദ, അൽ ഖലാമോൺ, മസ്യാഫ്, ലതാകിയ, ടാർട്ടസിന്റെ ഗ്രാമമേഖലകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു വെള്ളി രാത്രിയിലെ ആക്രമണങ്ങളിൽ അധികവും. സൈന്യത്തിന്റെ ആയുധസംഭരണ കേന്ദ്രവും ഗവേഷണ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ഖാസിയോൺ മേഖലയിയെ സൈനിക കേന്ദ്രത്തിലേക്കും ആക്രമണമുണ്ടായി. ഡമാസ്കസിലെ റുക്‌സൻ അൽ ദിൻ ജില്ലയിലേക്ക് മിസൈൽ ആക്രമണവും ഉണ്ടായി.
സൗദി അറേബ്യ, ഇറാഖ്, ലബനൻ, ഈജിപ്ത്, യുഎഇ, ബഹ്‌റൈൻ, ഖത്തർ, തുർക്കിയ, അമേരിക്ക, യൂറോപ്യൻ യൂണിയൻ, യുഎൻ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ജോർദാൻ സിറിയൻ വിഷയം ചർച്ച ചെയ്യാൻ അടിയന്തര ഉച്ചകോടി വിളിച്ചിരുന്നു. സിറിയയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ ഉച്ചകോടി അപലപിച്ചു. ഇരു രാജ്യങ്ങൾക്കിടയിലെ ബഫർ സോണിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്നും ഇസ്രയേൽ സിറിയയിൽനിന്ന് എത്രയുംവേഗം പിൻവാങ്ങണമെന്നും ആവശ്യപ്പെട്ടു.
സിറിയക്കാരുടെ പിന്തുണയുള്ള പരിവർത്തന സർക്കാരിനെ പിന്തുണയ്ക്കുന്നതായും യുഎന്നിന്റെ മേൽനോട്ടത്തിൽ സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തി എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യമുള്ള സർക്കാർ സാധ്യമാക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..