വാഷിങ്‌ടൺ > അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റാലുടന്‍ 15 ലക്ഷം അനധികൃത കുടിയേറ്റക്കാരെ ഡോണൾഡ് ട്രംപ് നാടുകടത്തുമെന്ന റിപ്പോര്‍ട്ടുകളില്‍ കുടിയേറ്റ ക്യാമ്പുകൾ ഭീതിയിൽ. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ മാത്രം രണ്ടുലക്ഷത്തിൽപ്പരം അഭയാർഥികളാണ് അനധികൃത മാർഗത്തിലൂടെ അമേരിക്കയിൽ എത്തിയതെന്നാണ് രേഖ. ഇവരിൽ പലരെയും അതിർത്തി സംസ്ഥാനങ്ങളിലെ അഭയാർഥി കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന ഹോട്ടലുകളിലും മറ്റ് കെട്ടിടങ്ങളിലും താമസിച്ചിരിക്കുകയാണ്.
ബലം പ്രയോഗിച്ചുള്ള നാടുകടത്തലാണ് തങ്ങൾക്കുമുന്നിലെന്ന ഭീതിയിലാണ് അഭയാർഥി കുടുംബങ്ങൾ. അഭയാർഥികളെ ഏറ്റുവാങ്ങാൻ തയാറാകാത്ത രാജ്യങ്ങളുമായുള്ള വാണിജ്യബന്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കി.
17,940 ഇന്ത്യക്കാർ
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്‌സ്‌മെന്റ് രാജ്യത്തുള്ള 15 ലക്ഷം അനധികൃത കുടിയേറ്റക്കാരുടെ പട്ടിക നവംബറിൽ പുറത്തുവിട്ടു. ഇതിൽ 17,940 ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട്. ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രപ്രദേശ് സംസ്ഥാനക്കാരാണ് കൂടുതലും. തിരിച്ചയക്കുന്നവരെ സ്വീകരിക്കാൻ അതത് രാജ്യങ്ങൾ തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് അമേരിക്ക ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാരായ 7.25 ലക്ഷം അനധികൃത കുടിയേറ്റക്കാർ അമേരിക്കയിൽ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ മാത്രം 90,000 ഇന്ത്യക്കാർ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച് അറസ്‌റ്റിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..