21 December Saturday

ബെയ്‌റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണ പരമ്പര ; 24 മണിക്കൂറിനിടെ 
ലബനനിൽ 59 പേര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024


ബെയ്‌റൂട്ട്‌
ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ദഹിയെ, ഹാരെത് ഹ്രെയ്ക്, ചിയാഹ് മേഖലകളിലാണ്‌ ആക്രമണം. തെക്കന്‍ ബെയ്‌റൂട്ടില്‍ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നാമവശേഷമാക്കുമെന്ന്‌ ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ആക്രമണം വ്യാപിപ്പിച്ചത്‌.

24 മണിക്കൂറിനിടെ ലബനനിലുടനീളം നടന്ന ആക്രമണങ്ങളില്‍ 59 പേര്‍ കൊല്ലപ്പെടുകയും 182-ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവിൽ 12 പേർ ആരോഗ്യപ്രവർത്തകരാണ്‌. കിഴക്കന്‍ ബാല്‍ബെക് മേഖലയില്‍ നടന്ന വ്യോമാക്രമണത്തിലാണ്‌ ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടത്‌. തെക്കൻ ബെയ്‌റൂട്ടിൽനിന്ന്‌ ഇസ്രയേൽ സൈന്യം ജനങ്ങളെ വ്യാപകമായി  ഒഴിപ്പിക്കാൻശ്രമിക്കുന്നുണ്ട്‌.

ഏതാനും ദിവസമായി മേഖലയിൽ ഇസ്രയേൽ ആക്രമണം ശക്തമാണ്‌. ഗാസയിൽ ആക്രമണം ആരംഭിച്ചശേഷം ലബനനില്‍ കുറഞ്ഞത് 3445 പേര്‍ കൊല്ലപ്പെടുകയും 14,599 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഗാസയിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്‌ 24 മണിക്കൂറിനിടെ 35 പേർ കൊല്ലപ്പെട്ടു. 111 പേർക്ക്‌ പരിക്കേറ്റു. ഇതുവരെ 43,799 പേരാണ്‌ പലസ്തീനിൽ കൊല്ലപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top