19 December Thursday
ക്യാബിനറ്റ്‌ മന്ത്രിമാരുടെ എണ്ണം 25ൽ താഴെയായി ചുരുക്കും

ശ്രീലങ്ക : മന്ത്രിസഭാ 
രൂപീകരണം നാളെ ; ചെലവ്‌ ചുരുക്കി ഭരണസംവിധാനം കാര്യക്ഷമമാക്കുമെന്ന്‌ എൻപിപി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

image credit Anura Kumara Dissanayake facebook

കൊളംബോ
ശ്രീലങ്കയിൽ ചരിത്രവിജയം നേടിയ ഇടതുസഖ്യമായ ദേശീയ ജനശക്തി മുന്നണി (എൻപിപി) പുതിയ പ്രധാനമന്ത്രിയെയും കാബിനറ്റ്‌ മന്ത്രിമാരെയും പ്രഖ്യാപിച്ച്‌ തിങ്കളാഴ്‌ച മന്ത്രിസഭ രൂപീകരിക്കും.  ഭരണച്ചെലവ്‌ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാബിനറ്റ്‌ മന്ത്രിമാരുടെ എണ്ണം 25ൽ താഴെയായി ചുരുക്കുമെന്ന്‌ എൻപിപി വക്താവ്‌ ടിൽവിൻ സിൽവ പറഞ്ഞു. ശ്രീലങ്കൻ ഭരണഘടന പ്രകാരം കാബിനറ്റ്‌ മന്ത്രിമാരുടെ എണ്ണം മുപ്പതിൽ താഴെയും സഹമന്ത്രിമാരുടെ എണ്ണം നാൽപ്പത്‌ കവിയരുതെന്നുമാണ്‌. അനാവശ്യ ചെലവുകൾ ഒഴിവാക്കി കാര്യക്ഷമമായ  ഭരണസംവിധാനം രൂപീകരിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ സിൽവ പറഞ്ഞു.

മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം നേടിയാണ്‌ എൻപിപി ശ്രീലങ്കൻ പാർലമെന്റിൽ ആധിപത്യമുറപ്പിച്ചത്‌. ശ്രീലങ്കയുടെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ ആദ്യമായാണ്‌ ഏതെങ്കിലും പാർടിക്കോ സഖ്യത്തിനോ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ലഭിക്കുന്നത്‌. ആകെ പോൾ ചെയ്‌ത വോട്ടിന്റെ 61.56 ശതമാനം എൻപിപി സഖ്യം നേടി. 2010ൽ മുൻ പ്രസിഡന്റ്‌ മഹിന്ദ രജപക്‌സയുടെ പാർടി നേടിയ 60.33 ശതമാനം വോട്ടാണ്‌ ഇതുവരെയുള്ള റെക്കോഡ്‌. 

2020ൽ നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ രജപക്‌സെയുടെ നേതൃത്വത്തിലുള്ള പിപ്പിൾസ്‌ ഫ്രീഡം അലയൻസ്‌ 145 സീറ്റ്‌ നേടിയിരുന്നു. അന്ന്‌ എൻപിപിക്ക്‌ മൂന്ന്‌ സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌. ശ്രീലങ്കയിൽ കഴിഞ്ഞ സെപ്‌തംബറിൽ നടന്ന തെരഞ്ഞെടുപ്പിലാണ്‌ കമ്യൂണിസ്റ്റ്‌ നേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. സെപ്‌തംബർ 23ന്‌ അധികാരമേറ്റ ദിസനായകെ ഒരു ദിവസത്തിനുശേഷം പാർലമെന്റ്‌ പിരിച്ചുവിട്ട്‌ ജനവിധിക്ക്‌ കളമൊരുക്കുകയായിരുന്നു.

സാമൂഹ്യനീതിക്കായി നിലകൊള്ളും:
 ടിൽവിൻ സിൽവ
ശ്രീലങ്കയിൽ അധികാരമേൽക്കുന്ന പുതിയ സർക്കാർ അഴിമതിയെ അകറ്റിനിർത്തി സാമൂഹ്യനീതിയിലധിഷ്‌ഠിതമായി പ്രവർത്തിക്കുമെന്ന്‌ മാർക്‌സിസ്‌റ്റ്‌–-ലെനിനിസ്‌റ്റ്‌ പാർടിയായ ജനതാ വിമുക്തി പെരമുനയുടെ ജനറൽ സെക്രട്ടറി ടിൽവിൻ സിൽവ പറഞ്ഞു. ശ്രീലങ്കയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കണ്ട്‌ സാമൂഹികനീതി ഉറപ്പാക്കുംവിധമായിരിക്കും സർക്കാരിന്റെ പ്രവർത്തനം. ഇതുവരെയുള്ള സർക്കാരുകൾ അവരുടെ കുടുംബത്തിന്റെ വികസനത്തിനും നിക്ഷിപ്‌ത താൽപര്യങ്ങൾക്കുമാണ്‌ ഊന്നൽ നൽകിയത്‌. രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ കണ്ടറിഞ്ഞ്‌ യാഥാർഥ്യബോധത്തോടെ അത്‌ പരിഹരിക്കാനുള്ള ശ്രമങ്ങളാണ്‌ ഈ സർക്കാർ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top