05 November Tuesday
പ്രക്ഷോഭം പടരുന്നു

വെടി നിർത്തൂ എന്നിട്ടാവാം ചർച്ചയെന്ന് വിദ്യാർത്ഥികൾ; ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത് 105 പേർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


ധാക്ക> തൊഴില്‍ മേഖലയില്‍ അസാധാരണമായ സംവരണം പ്രഖ്യാപിച്ച നടപടിക്ക് എതിരെ ബംഗ്ലാദേശിലെ സര്‍വ്വകലാശാലകളിൽ വിദ്യാര്‍ത്ഥികള്‍ തുടങ്ങിവെച്ച പ്രക്ഷോഭം രാജ്യം മുഴുവന്‍ പടര്‍ന്നു പിടിച്ചു.

കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി ഉയര്‍ന്നു. പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ സമരം ചെയ്യുന്നവരെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ രംഗത്തിറക്കിയിരിക്കയാണ്.

പ്രതിഷേധക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബംഗ്ലാദേശ് നിയമമന്ത്രി അനിസുല്‍ ഹഖ് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ വഴങ്ങിയില്ല. ചര്‍ച്ചയ്ക്ക് തങ്ങളും തയ്യാറാണെന്നും, ചര്‍ച്ചയും വെടിവെപ്പും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്നും സമരപരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ നഹിദ് ഇസ്ലാം പറഞ്ഞു.

ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭം തെരുവുയുദ്ധമായി മാറിയതോടെ രാജ്യത്തെ വാര്‍ത്താ-വിനിമയ സംവിധാനങ്ങള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കയാണ്. പത്ര വെബ് സൈറ്റുകളും സാമൂഹിക മാധ്യമങ്ങളും പ്രവര്‍ത്തനരഹിതമായി.



15000 ഇന്ത്യക്കാര്‍ അകപ്പെട്ടു

15000ത്തോളം ഇന്ത്യന്‍ പൗരന്‍മാര്‍ ബംഗ്ലാദേശിലുണ്ട്. അതില്‍ 8500പേരും വിദ്യാര്‍ഥികളാണ്. പ്രക്ഷോഭം രൂക്ഷമായതോടെ 400ലധികം പേര്‍ തിരികെയെത്തി. ഇതില്‍ 125 പേരും വിദ്യാര്‍ഥികളാണ്. ബംഗ്ലാദേശില്‍ കഴിയുന്ന ശേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് മടങ്ങിയെത്തിയവരിലേറെയും. ഉത്തര്‍പ്രദേശ്, ഹരിയാണ, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. ത്രിപുരയിലേയും മേഘാലയിലേയും തുറമുഖങ്ങളാണ് മടങ്ങിയെത്തുന്നതിനായി വിദ്യാര്‍ഥികള്‍ ആശ്രയിച്ചത്.

പ്രക്ഷോഭം അടങ്ങിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ഥികള്‍. എന്നാല്‍, വ്യാഴാഴ്ചയോടെ രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും നിര്‍ത്തലാക്കി. ടെലിഫോണ്‍ സേവനങ്ങളും പ്രതിസന്ധിയിലായതോടെയാണ് വിദ്യാര്‍ഥികള്‍ രാജ്യത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. കലാപബാധിത മേഖലയിലേക്കു പോകരുതെന്നും പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും ഇന്ത്യ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

പ്രധാനമന്ത്രി ഷെയ്ക് ഹസീന ശനിയാഴ്ച രാജ്യം  മുഴുവന്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കയാണ്.



രക്ത രൂക്ഷിതമായിത്തീർന്ന പ്രക്ഷോഭം


ഷെയ്ഖ് ഹസീന നാലാം തവണയും ബംഗ്ലാദേശില്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണ്.

1971 ലെ പാകിസ്ഥാനില്‍ നിന്നുള്ള സ്വാതന്ത്ര്യ സമരത്തിലെ പോരാളികളുടെ കുടുംബാംഗങ്ങള്‍ക്ക് 30% സംവരണം ഏര്‍പ്പെടുത്തിയ പൊതുമേഖലാ തൊഴില്‍ ക്വാട്ടയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.

രാജ്യത്തെ 170 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ അഞ്ചില്ലൊന്നിനും തൊഴില്‍ ഇല്ലാത്ത സ്ഥിതിയാണെന്ന് പ്രക്ഷോഭകര്‍ പറയുന്നു. ഇതിനിടയില്‍ അസാധാരണമായ സംവരണം കൂടി വന്നതാണ് ജനരോഷം ഉയര്‍ത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top