26 December Thursday

പട്ടിണിയിലേക്ക്‌ ; ഗാസയില്‍ ഭക്ഷണം ദിവസം ഒരുനേരം ; വംശഹത്യയെന്ന്‌ ജൂത കൗമാരക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024


ഗാസ സിറ്റി
ഗാസ കടുത്ത പട്ടിണിയിലേക്ക്‌ നീങ്ങിയെന്നും ദിവസത്തിൽ ഒരു തവണ മാത്രമാണ്‌ ഗാസൻ ജനത ഭക്ഷണം കഴിക്കുന്നതെന്നും യുഎൻ ഏജൻസി. വടക്കൻ ഗാസയെക്കാൾ താരതമ്യേന കൂടുതൽ ഭക്ഷ്യ ട്രക്കുകൾക്ക്‌ പ്രവേശമുള്ള ദേർ അൽ ബലായിലടക്കം കടുത്ത ഭക്ഷ്യക്ഷാമമാണ്‌ അനുഭവപ്പെടുന്നത്‌. മധ്യ ഗാസയിലെ പ്രാദേശിക ഭക്ഷ്യനിർമാണ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമണത്തെ തുടർന്ന്‌ അടച്ചുപൂട്ടി.

ആശുപത്രികൾ 
പ്രതിസന്ധിയിൽ
ഗാസയിലെ അവശേഷിക്കുന്ന ആശുപത്രികളുടെ പ്രവർത്തനം 48 മണിക്കൂറിനുള്ളിൽ പൂർണമായും നിലയ്‌ക്കുമെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട്‌ ദിവസം പ്രവർത്തിക്കാനുള്ള ഇന്ധനം മാത്രമേ ആശുപത്രികളിൽ അവശേഷിക്കുന്നുള്ളൂ. വടക്കൻ ഗാസയിലെ പ്രധാന ആശുപത്രിയായ കമാൽ അദ്‌വാനിൽ ഓക്‌സിജൻ വിതരണം നിലച്ചതും പ്രതിസന്ധിക്കിടയാക്കി.  ഗാസയിലാകെ കടുത്ത ആക്രമണം തുടരുകയാണ്‌ ഇസ്രയേൽ. റഫയിൽ അഞ്ച്‌ പേരും ഖാൻ യൂനിസിൽ 8 പേരും കൊല്ലപ്പെട്ടു. ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 44,056 ആയി ഉയർന്നു. 

ലബനന്‍ കത്തുന്നു
തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച്‌ ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. ബെയ്‌റൂട്ടിലും കനത്ത ആക്രമണം തുടരുകയാണ്‌.   ഇസ്രയേലിൽ വ്യോമസേനയുടെ പരിശീലന കേന്ദ്രമായ ഹൈഫ ടെക്‌നിക്കൽ ബേസ്‌ ആക്രമിച്ചതായി ഹിസ്‌ബുള്ള അവകാശപ്പെട്ടു.

ഗാസയിൽ വംശഹത്യയെന്ന്‌ ജൂത കൗമാരക്കാർ
വിവിധ രാജ്യങ്ങളിലെ ജൂത കൗമാരക്കാർക്കിടയിൽ ഇസ്രയേലിനോടുള്ള എതിർപ്പ്‌ വർധിച്ചുവരുന്നതായി സർവേ. ഇസ്രയേലിന്റെ പ്രവാസികാര്യ മന്ത്രാലയം മൊസൈക്‌ യുണൈറ്റഡുമായി ചേർന്ന്‌ നടത്തിയ സർവേയിലാണ്‌ ജൂത കൗമാരം ഇസ്രയേലിന്റെ ഗാസ വംശഹത്യക്കെതിരെ തിരിയുന്നത്‌ വ്യക്തമായത്‌.  മറ്റ്‌ രാജ്യങ്ങളിയെ ജൂത കൗമാരക്കാരെ അപേക്ഷിച്ച്‌ അമേരിക്കയിലെ ജൂത കൗമാരക്കാർ ഇസ്രയേലിനെതിരെ കടുത്ത നിലപാടാണ്‌ സ്വീകരിക്കുന്നത്‌. അമേരിക്കയിലെ ജൂത കൗമാരക്കാരിൽ 37 ശതമാനം പേരും ഹമാസിനോട്‌ അനുഭാവം പ്രകടിപ്പിക്കുന്നതായാണ്‌ സർവേ ഫലമെന്ന്‌ ഇസ്രയേൽ മാധ്യമം ജറുസലേം പോസ്റ്റ്‌ റിപ്പോർട്‌ ചെയ്‌തു.

14 വയസുള്ളവരിൽ 60 ശതമാനവും ഹമാസിന്‌ അനുകൂലമായി ചിന്തിക്കുന്നവരാണ്‌. ആഗോളതലത്തിൽ ഏഴ്‌ ശതമാനം മാത്രം ഹമാസിനോട്‌ അനുഭാവം പുലർത്തുമ്പോഴാണിത്‌.  ഇസ്രയേൽ ഗാസയിൽ നടത്തുന്നത്‌ വംശഹത്യയാണെന്ന്‌ സർവേയിൽ പങ്കെടുത്ത യുഎസിലെ 42 ശതമാനം ജൂത കൗമാരക്കാരും വിശ്വസിക്കുന്നു. അന്താരാഷ്‌ട്ര തലത്തിൽ ഇത്‌ ഒമ്പത്‌ ശതമാനം മാത്രം. അമേരിക്കയിലെ ജൂതക്കുട്ടികൾക്കിടയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന്‌ ഇസ്രയേൽ പ്രവാസികാര്യ മന്ത്രി അമിചെയ്‌ ചിക്‌ലി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top