ഹേഗ് > പങ്കാളിയാലോ ബന്ധുവാലോ 2023ൽ ഒരു ദിവസം കൊല്ലപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം ശരാശരി 140തെന്ന് ഐക്യരാഷ്‌ട്ര സംഘടന(യുഎൻ).
സ്ത്രീകൾക്ക് ഏറ്റവും മാരകമായ സ്ഥലം വീടാണ്. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 140 സ്ത്രീകളും പെൺകുട്ടികളുമാണ് പങ്കാളിയാലോ അടുത്ത കുടുംബാംഗങ്ങളിൽ നിന്നോ പീഡനമേറ്റ് കൊല്ലപ്പെട്ടിട്ടുള്ളത്. ആഗോളതലത്തിൽ 2023-ൽ ഏകദേശം 51,100 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മരണത്തിന് ഉത്തരവാദി ഒരു അടുപ്പമുള്ള പങ്കാളിയോ കുടുംബാംഗമോ ആണ്. 2022-ൽ ഇത് 48,800 ആയിരുന്നു. "എല്ലായിടത്തും സ്ത്രീകളും പെൺകുട്ടികളും ആക്രമണത്തിന് വിധേയരാകുന്നു, ഒരു പ്രദേശവും ഒഴിവാക്കപ്പെടുന്നില്ല. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അപകടകരമായ സ്ഥലമാണ് വീട്" എന്നാണ് യുഎൻ ഏജൻസികളുടെ റിപ്പോർട്ട്.
ഏറ്റവും കൂടുതൽ കുടുംബ കൊലപാതകങ്ങൾ നടന്നത് ആഫ്രിക്കയിലാണ്. 2023 ൽ 21,700 പേരാണ് ആഫ്രിക്കയിൽ മാത്രമായി മരിച്ചത്. കഴിഞ്ഞ വർഷം അമേരിക്കയിൽ ഒരു ലക്ഷത്തിൽ 1.6 ശതമാനം സ്ത്രീകളും ഓഷ്യാനിയയിൽ 1.5 ശതമാനം സ്‌ത്രീകളുമാണ് ആക്രമണങ്ങൾക്ക് വിധേയരായിട്ടുള്ളത്. ഏഷ്യയിൽ ഇത് 0.8 യൂറോപ്പിൽ 0.6 എന്നിങ്ങനെയാണ്.
യൂറോപ്പിലെയും അമേരിക്കയിലെയും സ്വകാര്യ തൊഴിൽ മേഖലയിൽ സ്ത്രീകൾ കൊലചെയ്യപ്പെടുന്നത് അടുപ്പമുള്ളവരാലോ പങ്കാളികളാലോ ആണെന്ന് റിപ്പോർട്ട് പറയുന്നു. നേരെമറിച്ച്, പുരുഷന്മാരുടെ കൊലപാതകങ്ങളിൽ ഭൂരിഭാഗവും വീടുകൾക്കും കുടുംബങ്ങൾക്കും പുറത്താണ് നടക്കുന്നത്.
എന്നാൽ ഏറ്റവും കൂടുതൽ നരഹത്യകൾക്ക് ഇരയാകുന്നത് പുരുഷൻരാണ്. 2023-ൽ നരഹത്യയ്ക്ക് ഇരയായവരിൽ 80% പുരുഷന്മാരും 20% സ്ത്രീകളുമാണ്. എന്നാൽ കുടുംബത്തിനുള്ളിലെ ആക്രമണം പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് കൂടുതൽ ബാധിക്കുന്നത്. രാജ്യങ്ങൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാൻ ശ്രമിച്ചിട്ടും കൊലപാതകങ്ങളുടെ എണ്ണം അപകടകരമായ നിലയിൽ ഉയരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..