വാഷിങ്‌ടൺ
സൂര്യന്റെ അന്തരീക്ഷത്തിലേക്ക് ഇരച്ചു കയറി നാസയുടെ പാർക്കർ സോളാർ പ്രോബ്. അതിതീവ്ര താപത്തെ അതിജീവിച്ച് പേടകം പുറത്തു വരുമോ എന്നറിയാൻ ശനി വരെ കാത്തിരിക്കണം. സൗരനിരീക്ഷണ പേടകമായ പാർക്കർ, ചൊവ്വ വൈകിട്ട് 5.30 നാണ് സൂര്യന്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയിലേക്ക് യാത്ര തുടങ്ങിയത്. മണിക്കൂറിൽ 6.92 ലക്ഷം കിലോമീറ്റർ വേഗത്തിൽ. സൂര്യന്റെ 61 ലക്ഷം കിലോമീറ്റർ അടുത്തുകൂടിയാകും പേടകം നീങ്ങുക. മനുഷ്യ നിർമിതപേടകം സൂര്യന്റെ ഇത്രയും അടുത്തെത്ത് എത്തുന്നത് ആദ്യമാകും. 1400 ഡിഗ്രി സെൽഷ്യസ് ചൂടുള്ള മേഖലയിലൂടെ കടന്ന് ശനിയാഴ്‌ചയോടെ പേടകം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചൂടിനെ അതീജിവിക്കാൻ 11.5 സെന്റീമീറ്റർ കട്ടിയിലും2.4 മീറ്റർ വീതിയിലുമുള്ള കാർബൺ കോംപസിറ്റ് കവചം പേടകത്തിനുണ്ട്. 2018 ആഗസ്തില്‍ വിക്ഷേപിച്ച പേടകം ഇതിനോടകം 21 തവണ സൂര്യന് സമീപത്തുകൂടി കടന്നുപോയി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോഴാണ് കൂടുതൽ അടുക്കുന്നത്. സൂര്യന്റെ അന്തരീക്ഷം വഴി കടന്നുപോകുമ്പോൾ വികിരണം മൂലം ഭൂമിയുമായുള്ള ആശയ വിനിമയം നിലയ്ക്കും. ഇത് പൂർണ തോതിൽ പുനസ്ഥാപിക്കാനും ശേഖരിച്ച വിവരങ്ങൾ ഭൂമിയിലേക്ക് അയക്കാനും മാസങ്ങൾ വേണ്ടി വരും.തീവ്ര വികിരണത്തെ അതിജീവിച്ച് പുറത്തെത്തിയാൽ സിഗ്‌നൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാസ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..