22 December Sunday

ഗാസയിൽ മരണം 43,000 കടന്നു ; പരിക്കേറ്റവർ 1,01,110

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


ഗാസ സിറ്റി/ ബെയ്‌റൂട്ട്‌
രണ്ടാംവർഷവും തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 43,000 കടന്നു. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട മരണം 43,020. പരിക്കേറ്റവർ 1,01,110. വടക്കൻ ഗാസയിൽ 24 ദിവസമായി തുടരുന്ന ആക്രമണത്തിൽ ആയിരത്തിലധികംപേരാണ് കൊല്ലപ്പെട്ടത്‌.

തിങ്കളാഴ്ച മാത്രം ഇസ്രയേൽ ഗാസയിൽ 53 പേരെയും ലബനനിൽ 21 പേരെയും കൊന്നു. തെക്കൻ ലബനനിലെ ടൈർ നഗരത്തിൽ ഇസ്രയേൽ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ സ്ഥിതിഗതികൾ അതീവ ആശങ്കയുളവാക്കുന്നെന്ന്‌ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു.
വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രി ആക്രമിച്ച ഇസ്രയേൽ സൈന്യം 44 പുരുഷ ജീവനക്കാരടക്കം 100 പേരെ കസ്‌റ്റഡിയിലെടുത്തു.

വെടിനിർത്തൽ 
നിർദേശിച്ച്‌ ഈജിപ്ത്‌
ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള നിർദേശവുമായി ഈജിപ്ത്‌. ഹമാസ്‌ നാല്‌ ബന്ദികളെ മോചിപ്പിക്കണമെന്നും പകരമായി ഇസ്രയേൽ രണ്ടുദിവസത്തേക്ക്‌ ആക്രമണം നിർത്തിവയ്ക്കണമെന്നുമാണ്‌ നിർദേശം. തുടർന്ന്‌, കൂടുതൽ ചർച്ചകൾക്കായി പത്തുദിവസം വെടിനിർത്തൽ സാധ്യമാക്കണമെന്നുമാണ്‌ നിർദേശം. നിർദേശം ഉപാധികളോടെ അംഗീരിക്കുന്നതായി ഹമാസ്‌ പ്രതികരിച്ചു.

യുഎന്നിൽ 
പരാതിപ്പെട്ട്‌ ഇറാഖ്
ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തങ്ങളുടെ വ്യോമപാത അനധികൃതമായി ഉപയോഗിച്ചെന്ന പരാതിയുമായി ഇറാഖ്‌. യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും രക്ഷാസമിതിക്കും പരാതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top