ബീജിങ്
മനുഷ്യത്വവിരുദ്ധമായ സാമ്രാജ്യത്വ ഉപരോധം നേരിടുന്ന ക്യൂബയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്താം ഏഷ്യ–-പസിഫിക് മേഖല സമ്മേളനത്തിന് ബീജിങ്ങിൽ തുടക്കം. 14 രാജ്യങ്ങളിലെ 62 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ലോകസമാധാനവും നീതിയുക്തമായ ജീവിതസാഹചര്യങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ സാമ്രാജ്യത്വത്തിനെതിരെ വിപുലമായ ജനകീയ മുന്നേറ്റമുണ്ടാകണമെന്ന് പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞു.
ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പദ്ധതി ജനകീയ പ്രതിഷേധങ്ങൾക്കുമുന്നിൽ പരാജയപ്പെടുമെന്ന് ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിക്കുന്ന സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം നീലോൽപൽ ബസു ചർച്ചയിൽ പറഞ്ഞു. ഏകപക്ഷീയ ഉപരോധം 65 വർഷം പിന്നിടുമ്പോഴും ക്യൂബ സോഷ്യലിസ്റ്റ് പതാക ഉയർത്തിപ്പിടിച്ചുനിൽക്കുന്നത് ലോകജനതയ്‌ക്ക് പ്രചോദനമാണ്–-അദ്ദേഹം പറഞ്ഞു. പി കൃഷ്‌ണപ്രസാദ്, ആദർശ് എം സജി, അബ്ദുൾ കരീം മുഹമ്മദ് സലിം, ബിജയ്‌കുമാർ പഡിഗാടി എന്നിവരാണ് എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ ഇതര അംഗങ്ങൾ. ക്യൂബയോടുള്ള ഐക്യദാർഢ്യം കൂടുതൽ കരുത്തുറ്റതാക്കാൻ നിർദേശങ്ങൾ ബുധനാഴ്‌ച സമാപിക്കുന്ന സമ്മേളനം മുന്നോട്ടുവയ്‌ക്കും. ചൈന ആദ്യമായാണ് ഈ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..