ലണ്ടന്‍
നൊബേല്‍, പുലിറ്റ്സര്‍, ബുക്കർ പുരസ്‌കാര ജേതാക്കൾ അടക്കം ലോകപ്രസിദ്ധരായ ആയിരത്തിലധികം എഴുത്തുകാർ ഇസ്രയേല്‍ പ്രസാധകരെ ഒന്നടങ്കം ബഹിഷ്‌കരിക്കുന്നു. ലോകരാജ്യങ്ങള്‍ കൈയുംകെട്ടി നോക്കിനില്‍ക്കെ ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് ഇരയാകുന്ന പലസ്‌തീന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യമറിയിച്ചാണ് ബഹിഷ്‌കരണം.
നൊബേല്‍ ജേതാവായ ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍നോ, ഇടതുപക്ഷക്കാരിയായ കനേഡിയന്‍ എഴുത്തുകാരി നവോമി ക്ലെയ്‌ന്‍, ഐറിഷ് എഴുത്തുകാരി സാലി റൂണി, അമേരിക്കന്‍ എഴുത്തുകാരി റേച്ചല്‍ കുഷ്നെര്‍, ബുക്കര്‍ ജേതാവ് അരുന്ധതി റോയ് തുടങ്ങിയവരാണ് ബഹിഷ്‌കരണാഹ്വാനമുള്ള സംയുക്ത പ്രസ്‌താവനയിൽ ഒപ്പുവച്ചത്.
പലസ്‌തീന്‍കാരെ കൊന്നൊടുക്കാന്‍ കൂട്ടുനില്‍ക്കുന്ന ഇസ്രയേലിലെ പ്രസാധകരുമായി സഹകരിക്കില്ലെന്നും ഇസ്രയേലി ബന്ധമുള്ള സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കില്ലെന്നും പ്രസ്‌താവനയില്‍ പറയുന്നു. ഈ നൂറ്റാണ്ടില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ യുദ്ധമാണ് ഗാസയിലേതെന്നും എഴുത്തുകാര്‍ ചൂണ്ടിക്കാട്ടി. പാല്‍ഫെസ്റ്റ് എന്ന പലസ്‌തീന്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സിന്റെ നേതൃത്വത്തിലാണ് എഴുത്തുകാര്‍ ഇസ്രയേലിനെതിരെ രംഗത്തുവന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..